കുന്ദമംഗലം: വാഹനാപകടത്തില്‍ മരണപ്പെട്ട മര്‍കസ് പൂര്‍വവിദ്യാര്‍ഥി റിയാസ് സഖാഫി വാല്‍പ്പാറയുടെ കുടുംബത്തിനുവേണ്ടി നിര്‍മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ദാനം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു. സഖാഫികളില്‍ നിന്നും നിര്‍ധനരായവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്ന ‘ദാറുല്‍ ഖൈര്‍ അസ്സഖാഫിയ്യ’ പദ്ധതിയിലുള്‍പ്പെടുത്തി 2006 സഖാഫി ബാച്ചാണ് വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്. മര്‍കസ് ശരീഅഃ കോളജില്‍ പഠനം നടത്തിയവരുടെ കൂട്ടായ്മയായ സഖാഫി ശൂറയുടെ ആഭിമുഖ്യത്തിലാണ് ഭവനപദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ഇതുകൂടാതെ രോഗികള്‍ക്കുള്ള ചികിത്സാ ധനസഹായം, വിവാഹ ധന സഹായം, മരണപ്പെട്ട സഖാഫിയുടെ കുടുംബങ്ങള്‍ക്കുള്ള ആശ്വാസനിധി തുടങ്ങിയവയും കേന്ദ്ര സഖാഫി ശൂറയുടെ ‘മുസാവ’ പദ്ധതി മുഖേന നല്‍കിവരുന്നു. വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ 30 ലക്ഷത്തോളം രൂപ വിനിയോഗിച്ചിട്ടുണ്ട്. സഖാഫികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും പണം സമാഹരിച്ചാണ് വിവിധ പദ്ധതികള്‍ക്കുള്ള പണം കണ്ടെത്തുന്നത്. മര്‍കസ് നോളേജ് സിറ്റി ഡയരക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, ലത്തീഫ് സഖാഫി പെരുമുഖം, ഒ.ടി ശഫീഖ് സഖാഫി, ശമീര്‍ സഖാഫി, നൗഫല്‍ സഖാഫി മാങ്ങാപ്പൊയില്‍, ബദീഅ് സഖാഫി എടക്കുളം, ഷംസുദ്ദീന്‍ ഹാജി മുട്ടിപ്പാലം എന്നിവര്‍ താക്കോല്‍ദാന ചടങ്ങില്‍ സംബന്ധിച്ചു.