അരിക്കും ഭക്ഷ്യവസ്തുക്കള്‍ക്കും ജി.എസ്.ടി, അശാസ്ത്രീയമായ പ്ലാസ്റ്റിക് നിരോധനം; വ്യാപാരി വ്യവസായി ഏകോപന സമിതി പ്രക്ഷോഭത്തിലേക്ക്

അരിക്കും ഭക്ഷ്യവസ്തുക്കള്‍ക്കും ജി.എസ്.ടി, അശാസ്ത്രീയമായ പ്ലാസ്റ്റിക് നിരോധനം; വ്യാപാരി വ്യവസായി ഏകോപന സമിതി പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട്: അരിക്കും ഭക്ഷ്യവസ്തുക്കള്‍ക്കും ജി.എസ്.ടി ചുമത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേയും അശാസ്ത്രീയമായ പ്ലാസ്റ്റിക് നിരോധനവും കേരള സര്‍ക്കാരിന്റെ അന്യായമായ വൈദ്യുതിച്ചാര്‍ജ്ജിനെതിരേയും പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിലെ 14 ജില്ലകളിലേയും കലക്ടറേറ്റിന് മുമ്പില്‍ 27 ന് സമരം നടത്തുമെന്നും സംസ്ഥാന കമ്മറ്റി അറിയിച്ചു. മുമ്പ് ബ്രാന്‍ഡ് ചെയ്തിട്ടുള്ള അരിക്കും ഭക്ഷ്യവസ്തുക്കള്‍ക്കുമായിരുന്നു 5 % ജി.എസ്.ടി ഉണ്ടായിരുന്നത്. ഇപ്പോള്‍ റീ പാക്ക് ചെയ്ത് വില്‍ക്കുന്ന അരി ഉള്‍പ്പെടെയുള്ള എല്ലാ ഭക്ഷ്യവസ്തുക്കള്‍ക്കും പാല്‍ ഒഴികെയുള്ള പാലുല്‍പ്പന്നങ്ങള്‍ക്കും സര്‍ക്കാര്‍ 5 % ജി.എസ്.ടി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വര്‍ധനവുണ്ടാക്കും.

കുത്തക ഭീമന്മാരായ വന്‍കിട കമ്പനികളെ ഒഴിവാക്കിയാണ് പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയിട്ടുള്ളത്. വ്യാപാരികളെ ഉന്നം വെച്ച് മാത്രം നടപ്പിലാക്കിയ പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തി സാധനങ്ങള്‍ കേട് കൂടാതെ പാക്ക് ചെയ്ത് നല്‍കുന്ന കവറുകളുടെ പേരിലും മിഠായികളിലുള്ള പ്ലാസ്റ്റിക് സ്റ്റിക്കിന്റെ പേരില്‍ പോലും കേസെടുത്ത് വന്‍തുക ഫൈന്‍ ഈടാക്കി വരികയാണ്. എന്നാല്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സപ്ലൈകോ, മില്‍മ എന്നീ സ്ഥാപനങ്ങളിലൊന്നും പരിശോധനയില്ല.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കിറ്റുകള്‍ നിരോധിക്കേണ്ടത് തന്നെയാണ് എന്നാല്‍ ഭക്ഷ്യസാധനങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുന്ന പാക്കിങ് മെറ്റീരിയലുകളെ നിരോധനത്തില്‍ നിന്നും ഒഴിവാക്കുകയോ പകരം സംവിധാനം ഉണ്ടാകുന്നതുവരെ നിരോധനത്തില്‍ ഇളവുകള്‍ ചെയ്യുകയോ വേണം. സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം കെ.എസ്.ഇ.ബി 1450 കോടി രൂപ ലാഭമുണ്ടാക്കി എന്നവകാശപ്പെടുമ്പോള്‍ തന്നെ വൈദ്യുതിച്ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ച നടപടിയെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. ഇതിനെല്ലാം പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ക്കും നിവേദനം നല്‍കിയിട്ടും അനുകൂല നടപടികള്‍ ഉണ്ടാവാത്ത സാഹചര്യത്തിലാണ് സംസ്ഥാന കമ്മിറ്റി സമരമാര്‍ഗവുമായ് മുന്നോട്ട് പോകുന്നതെന്ന്‌ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി, ജനറല്‍ സെക്രട്ടറി രാജു അപ്‌സര, ട്രഷറര്‍ ദേവസ്യാമേച്ചേരി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *