കോവിഡ് കാലത്തൊരു കൈതാങ്ങുമായി ഷെവ : സി.ഇ ചാക്കുണ്ണി

കോഴിക്കോട് : കോവിഡ് 19 നെ ജാഗ്രതയോടെ സമൂഹം ഒന്നാകെ ചെറുക്കുമ്പോള്‍, നന്മയുടെ നൂറു ഇതളുകള്‍ വിരിയിക്കുകയാണ് ഷെവ. സി.ഇ ചാക്കുണ്ണി.

കച്ചവടരംഗം വളരെയധികം പ്രയാസപ്പെടുന്ന ഇക്കാലത്ത്, ഒരു കച്ചവടക്കാരന്റെ എല്ലാവിധ അനുഭവങ്ങളും ഉള്ളില്‍ നിറച്ച് ഇന്നും വ്യാപാരവ്യവസായ – കലാസാംസ്‌കാരിക- സഹകരണ രംഗത്തെ നിറസാന്നിദ്ധ്യമായ ചാക്കുണ്ണിയും അദ്ദേഹത്തിന്റെ ബന്ധുക്കളും തങ്ങളുടെ ഉടമസ്ഥതയിലുള്ള 100ഓളം കടകളുടെ വാടക ഈ മാസം ഒഴിവാക്കി കൊടുത്തു കൊണ്ടാണ് നാടിന് മാതൃകയാവുന്നത്.

കോവിഡ് 19 കാരണം വ്യാപാരികള്‍ക്ക് കച്ചവടം മോശമായ സാഹചര്യത്തില്‍ സി.ഇ. ചാക്കുണ്ണിയുടെ ഈ തീരുമാനം കച്ചവടക്കാര്‍ക്ക് വളരെയധികം ആശ്വാസം പകരുന്നതാണ്.

വ്യാപാരികളെ സഹായിക്കാന്‍ ചാക്കുണ്ണി മുന്നോട്ട് വച്ച ആശയം 5 കുടുംബാംഗങ്ങളും അംഗീകരിച്ചു. പാലക്കാട് ചാലിശ്ശേരി സ്വദേശിയായ ചാക്കുണ്ണി 1962ല്‍ തന്റെ 16-ാം വയസ്സില്‍ ഒരു കടയില്‍ ജോലിക്കാരനായെത്തി. പിന്നീട് വാടക കെട്ടിടത്തില്‍ സ്വന്തം കച്ചവടം തുടങ്ങി. കച്ചവടക്കാരന്റെ കഷ്ടപ്പാടുകളും, വേദനകളും അറിഞ്ഞു വളര്‍ന്ന ആളാണ് ചാക്കുണ്ണി.

            ഷെവ.സി.ഇ.ചാക്കുണ്ണി

മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍, കാലിക്കറ്റ് ചേംബര്‍, കാലിക്കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അഡ്‌വൈസറി ബോര്‍ഡ് അംഗം തുടങ്ങി ഒട്ടേറെ പ്രസ്ഥാനങ്ങളുടെ സാരഥിയാണ് ചാക്കുണ്ണി. മലബാറിന്റെ റെയില്‍-വ്യോമയാന വികസനരംഗത്ത് സ്തുത്യർഹമായ സേവനവും, കച്ചവടക്കാരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ നേതൃത്വ പരമായും ഇദ്ദേഹം പങ്കുവഹിക്കുന്നു. പുതിയറ ജയിലിനു സമീപം ഏലിയാസ് കോട്ടേജിലാണ് അദ്ദേഹം താമസിക്കുന്നത്.

മൊയ്തീന്‍പള്ളി റോഡ്, ബേബി ബസാര്‍, കല്ലായ്‌റോഡ്, ഫ്രാന്‍സിസ് റോഡ്, എന്നീ സ്ഥലങ്ങളില്‍ അദ്ദേഹത്തിനും ബന്ധുക്കള്‍ക്കും ഉള്ള കടമുറികളുടെ വാടകയാണ് ഈ മാസം ഒഴിവാക്കിയത്. ചാക്കുണ്ണിയുടെ ഈ ആശയം മറ്റു ഉടമകള്‍ക്കും ഒരു മാതൃകയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *