തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരേ വിമാനത്തില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ മുന്‍ എം.എല്‍.എ കെ.എസ് ശബരിനാഥന് കോടതി ജാമ്യം അനുവദിച്ചു. വഞ്ചിയൂര്‍ കോടതി ജില്ലാ ജഡ്ജി ബാലകൃഷ്ണനാണ് ശബരിക്ക് ജാമ്യം നല്‍കിയത്.
വിമാനത്തില്‍ പ്രതിഷേധത്തിനു നിര്‍ദേശം നല്‍കിയത് ശബരീനാഥനാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് പ്രോസിക്യൂഷന്‍ അഡ്വ. അബ്ദുല്‍ ഹക്കീം അറിയിച്ചു. ഇതിന്റെ വാട്‌സ്ആപ്പ് സ്‌ക്രീന്‍ ഷോട്ടുകള്‍ ലഭിച്ചതായും അദ്ദേഹം കോടതിയെ അറിയിച്ചു. സ്‌ക്രീന്‍ഷോട്ട് അല്ലാതെ വേറെ വല്ല തെളിവും ഉണ്ടോ എന്ന് കോടതി ചോദിച്ചു. വിമാനത്തിലെ വധശ്രമത്തിന്റെ മാസ്റ്റര്‍ ബ്രെയിനാണ് ശബരിയെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.
തെളിവുകള്‍ ശേഖരിക്കാന്‍ ഫോണ്‍ പരിശോധിക്കേണ്ടതുണ്ടെന്നും ഇതിനായി കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍, ഫോണിന് വേണ്ടി കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നും കോടതി ആവശ്യപ്പെട്ടാല്‍ ഫോണ്‍ മൂന്ന് മിനുറ്റിനകം ഹാജരാക്കാമെന്നും പ്രതിഭാഗം അഭിഭാഷകന്‍ മൃദുല്‍ മാത്യു ജോണ്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ശബരിനാഥനെ പോലിസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് രാവിലെ അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. തുടര്‍ന്നാണ് ശംഖുമുഖം പോലിസ് അറസ്റ്റ് ചെയ്തത്.