യോഗാമാസ്റ്റർ സുനിൽകുമാർ

യോഗാമാസ്റ്റർ സുനിൽകുമാർ

ഈ ചെറുപ്പക്കാരനെ നിങ്ങളറിയുമോ ?

മലപ്പുറം തിരൂർക്കാട് ചെമ്പ്രത്ത് നാരായണൻ നായരുടെയും കിളിയിൽ രാധമ്മയുടെയും പുത്രന്മാരെ മലപ്പുറക്കാർ പലരുമറിയും .ഇരുവരും പൊതുപ്രവർത്തകരാണ്. വിവരാവകാശ പ്രവർത്തനം കൊണ്ടേറെ ശ്രദ്ധിക്കപ്പെട്ട അനിൽകുമാറും സുനിൽകുമാറും. ഇരുവരും KSFE യുടെ കളക്ഷൻ ഏജന്റ്‌സ് ആയത് വരുമാനത്തിനാണേലും ഇവർ നല്ല ജൈവ കർഷകരാണ്. സുനിൽകുമാറാകട്ടെ പെരിന്തൽമണ്ണ താലൂക്ക് ലീഗൽ സർവ്വീസ് അതോറിറ്റിയിൽ ലീഗൽ വളണ്ടിയർ. എല്ലാറ്റിലുമുപരി യോഗാ മാസ്റ്റർ.

ഭഗവത്ഗീതയിൽ പറയുന്ന രണ്ടു കാര്യങ്ങളാണ് ഇദ്ദേഹത്തിന് യോഗയുടെ  വഴിയിലേക്കുള്ള പാത. ‘കർമ്മേതു കൗശലേ ചിത്തവ്യത്തനിരോധഃ ‘  യോഗ ചെയ്യുന്നവന്റെ മനസ്സിലെ മാലിന്യങ്ങളെ ഇല്ലാതാക്കി കർമ്മത്തിൽ കൗശലമുള്ളവനാക്കുന്നു. പ്രീഡിഗ്രി ജയിച്ചതിനു  ശേഷം തുടർ വിദ്യാഭ്യാസത്തിന് അരീക്കോട്  JTG ൽ അപേക്ഷിച്ചെങ്കിലും ആവശ്യപ്പെട്ട വിഷയത്തിനല്ല സീറ്റുകൾ ലഭിച്ചതെന്ന കാരണത്താൽ അതു നിരാകരിക്കുകയായിരുന്നു.

പിന്നീട് അച്ഛന്റെ അനാരോഗ്യം കാരണം പെരിന്തൽമണ്ണ ടൗണിൽ നടുന്നുവരുന്ന ഒരു കച്ചവടസ്ഥാപനത്തിലേക്ക് ചേക്കേറുകയും ചെയ്തു. തുണിക്കടയിലെ ജോലിക്കിടയിൽ പൊടിയുടെ അലർജി കാരണം ചില ത്വക്ക് രോഗങ്ങൾ പ്രത്യക്ഷപ്പെട്ടു.
93-ൽ ദിവസേന ഇരുപതു രൂപമാത്രം ശബളമുണ്ടായിരുന്ന ജോലി ഉപേക്ഷിക്കാനാവാത്തതു കൊണ്ട്, അലോപ്പതിയും ആയുർവ്വേദവും, ഹോമിയോയും മാറി മാറി പരീക്ഷിച്ചുകൊണ്ട് രണ്ടു വർഷത്തോളം തള്ളി നീക്കി.

അപ്പോഴാണ് അങ്ങാടിപ്പുറത്ത് പതഞ്ജലി യോഗയുടെ ഒരു ക്ലാസ്സ് നടക്കുന്നത് സുഹൃത്ത് മുഖേന ശ്രദ്ധയിൽപ്പെട്ടത്. 150 രൂപ ഫീസു  കൊടുത്ത് യോഗാ ക്ലാസിൽ ചേർന്നു. ശനി, ഞായർ മാത്രമുള്ള ക്ലാസുകളിൽ ഹാജറാവുകയും നിത്യേന അഭ്യസിക്കുകയും ചെയ്തു.

പ്രാണായാമവും, മെഡിറ്റേഷനും ചെയ്യുമ്പോൾ മനസ്സിന് ശാന്തതയും ശരീരത്തിന് സുഖവും കൈവരുന്നുണ്ടെന്ന് തിരിച്ചറിഞ്ഞത് രണ്ടുമാസത്തെ പരിശീലനത്തിന് ശേഷം യോഗ നിർത്തിയപ്പോഴായിരുന്നു.
യോഗ സ്ഥിരമായി അഭ്യസിക്കാൻ തീരുമാനിക്കുകയും അലർജിമൂലമുള്ള അസുഖങ്ങൾ ഇല്ലാതാവുകയും ചെയ്തപ്പോഴായിരുന്നു പതഞ്ജലി യോഗയിൽ ടീച്ചർമാരാകാം എന്നു മനസ്സിലാക്കിയത്. യോഗ ടിടിസി കഴിഞ്ഞാൽ അവർ നിർദേശിക്കുന്നയിടങ്ങളിൽ ചെന്ന് ജോലി ചെയ്യാം എന്നും.

വിവാഹം അനുവദനീയമല്ലെന്നൊരു നിയമവും അന്നുണ്ടായിരുന്നു. പിൽക്കാലത്ത് ബാധകമല്ലാതായ ആ നിയമം കാരണം, വീട്ടിൽ നിന്ന് മാറി നിൽക്കാൻ ഇഷ്ടപ്പെടാതെ അന്ന് പതഞ്ജലി യോഗ ടിടിസി വേണ്ടെന്നു തീരുമാനിച്ചു.

93 മുതൽ 14 വർഷത്തോളം ജോലിചെയ്ത കടയിൽ നിന്ന് 2007ൽ KSFE യുടെ കളക്ഷൻ ഏജന്റായി തീരുന്നതുവരെയും സ്വന്തം ആവശ്യത്തിനു മാത്രം യോഗ ഉപയോഗിച്ചെങ്കിലും സ്വതന്ത്രമായി സമയം കിട്ടുന്നു എന്നായപ്പോൾ വീണ്ടും യോഗ ടിടിസിയെക്കുറിച്ചു ചിന്തിച്ചു. അപ്പോഴേക്കും കുടുംബ ജീവിതം തുടങ്ങിയിരുന്നു.

അപ്പോഴാണ് ശിവാനന്ദ യോഗാശ്രമത്തിന്റെ കീഴിൽ അതിനുള്ള അവസരം തുറന്നു കിട്ടുകയും ടിടിസിയെടുത്തതിനെ തുടർന്ന് അണ്ണാമലൈ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡിപ്ലോമ ഇൻ യോഗ സർട്ടിഫിക്കറ്റ് ടോനാവുകയും ചെയ്തു. ഇപ്പോൾ യോഗയിൽ പോസ്റ്റ് ഗ്രാജ്വേഷൻ ചെയ്യാനായി ബാംഗ്ലൂരിൽ 3 മാസം ചിലവഴിക്കാനുള്ള സമയം കിട്ടാതെ നിൽക്കുകയാണ്.

MES പെരിന്തൽമണ്ണയിൽ 4 വർഷമായി യോഗ ഇൻസ്ട്രക്ടറാണ്. മലപ്പുറത്തെ പോലീസ് ക്യാമ്പ്, ക്ലബ്ബുകൾ റെസിഡൻഷ്യൽ അസോസിയേഷനുകൾ, ബി.ഇ.എഡ് ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്റർ, എൻ.എസ്.എസ്, എൻ.സി.സി, എന്നിങ്ങനെ പലയിടങ്ങളിലും നിരന്തരമായി ക്ലാസുകൾ നടത്തുന്ന സുനിൽകുമാറിനിപ്പോഴൊരു അന്താരാഷ്ട്ര പരിവേഷം കൂടെയുണ്ട്. അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് യു.എ.ഇയിലെ ഒരു ഹെൽത്ത് ക്ലബ്ബ് അതിഥിയായി 15 ദിവസത്തോളം അവിടെ യോഗ പരിശീലിപ്പിക്കാനായി ക്ഷണിച്ചു  കൊണ്ടുപോയി.

മലയാളികൾക്കൊപ്പം രണ്ട് അറബികളും ദിവസവും ക്ലാസിലെത്തുകയും, അവരുമായി ഒരു തുടർ യോഗാ ക്ലാസ് നടത്താൻ ധാരണയിലെത്തുകയുമുണ്ടായിട്ടുണ്ട്.
ആദ്യ സന്ദർശനം അതിഥിയായിട്ടാണെങ്കിലും തുടർന്ന് വിദേശികളടക്കം കൂടുതൽ പേരുള്ളതിനാൽ ഇൻസ്ട്രക്ടർ ആയി മൂന്ന് മാസത്തിലൊരിക്കൽ 15 ദിവസത്തെ സേവനം നൽകാനാണുദ്ദേശിക്കുന്നത്.

യോഗ ചെയ്യുന്നയാൾ കൂടുതൽ ശക്തപ്പെടുന്നു. എനർജറ്റിക് ആകുന്നു. പ്രാണായാമം ശ്വസനരീതിയെ ക്രമീകരിക്കുമ്പോൾ ഓക്‌സിജന്റെ അളവ് കൂടുന്നു. രക്തയോട്ടം നന്നായി നടക്കുന്നു. മനസ്സിലെ നെഗറ്റീവ് ചിന്തകൾ ഇല്ലാതാവുകയും, കാഴ്ചപ്പാടുമാറുകയും ചെയ്യുന്നു. ശാരീരികമായി പെർഫക്ട് ആവുന്നതിനൊപ്പം പോസിറ്റീവ് ചിന്തകൾക്കാഴം കൂടുന്നു. യോഗ ദിനചര്യയാക്കുന്ന സമൂഹത്തിൽ ക്രിമനലിസവും പീഡനവുമൊന്നും പ്രസക്തമല്ലാതാവുന്നു.

 

യോഗയെന്ന ആശയങ്ങളുടെ പ്രചാരകനാവുമ്പോൾ തന്നെ ഒരു പാരാലീഗൽ വളണ്ടിയർ കൂടിയായ സുനിൽ ആ ഫീൽഡിലെ അനുഭവങ്ങൾ പങ്കുവെക്കുവാൻ തയ്യാറാവുന്നു. അവിടെ സുനിൽ തികച്ചും മനുഷ്യസ്‌നേഹിയാണെന്ന് തെളിയിക്കപ്പെടുകയാണ്. ലീഗൽ വളണ്ടിയർ എന്ന നിലയിൽ ഒരു പാവം തിരുമേനിക്ക് ഒരു നന്മ ചെയ്യാൻ കഴിഞ്ഞത് സുനിൽകുമാർ ഇന്നും സന്തോഷത്തോടെ ഓർക്കുന്നു. ഒന്നും രണ്ടും സ്ത്രീകളെ മാരകമായി പരിക്കേൽപ്പിച്ച ആണുങ്ങളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന്          ശിക്ഷ വാങ്ങി കൊടുക്കാൻ കഴിഞ്ഞെങ്കിലും പിന്നീടതിൽ ഇടപെടരുതായിരുന്നു എന്നു തോന്നിയ സന്ദർഭമുണ്ടായിട്ടുണ്ട്. പി.എൽ.വി എന്ന നിലയിൽ സ്വയം കുടുങ്ങി പോകുന്ന ഒരു സന്ദർഭത്തിൽ സത്യസന്ധമായി അന്വേഷിച്ച് തെളിവുണ്ടാക്കി രക്ഷപ്പെട്ടത് ഈശ്വരാധീനമായി കരുതുന്നു. സബ്ജയിലിൽ സന്ദർശനങ്ങൾ നടത്തുമ്പോൾ പലപ്പോഴും നിരപരാധികൾ കുടുങ്ങി കിടക്കുന്നത് കണ്ടിട്ടുണ്ട്. സീരിയൽ കഥപോലെയാണ് പലതും. നമ്മുടെ സമൂഹത്തിൽ എവിടെയൊക്കെയോ നിലനിൽക്കുന്ന ഒരു അസംതൃപ്തിയാണ് എല്ലാ വഴിവിട്ട ബന്ധങ്ങളും കാണിച്ചുതരുന്നത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ തെരുവു പട്ടികടിച്ച  നാലഞ്ചുപേർക്ക് ധനസഹായം വാങ്ങിക്കൊടുക്കാൻ കഴിഞ്ഞു.

ഒരു ജൈവകർഷകൻ കൂടിയായ സുനിൽകുമാർ വാഴകൃഷിയിലാണിപ്പോൾ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. പൂവൻവാഴകളുടെ വിവിധയിനം ഒന്നര ഏക്കറിൽ ഉണ്ട്. മൈസൂർ പൂവൻ, നാട്ടുപൂവൻ, കദളി, കുന്നങ്കായ, റോബസ്റ്റ്, ഇവയ്ക്ക് പുറമെ ആന്ധ്ര പൂവന്റെ മൂന്നൂറോളം തൈകൾ ഇത്തവണ പരീക്ഷണത്തിലാണ്. ഇതിൽ കുന്നങ്കായ തീർത്തും സാമൂഹ്യ സേവനമാണ്. ചെറിയകുട്ടികൾക്ക് കായപ്പൊടി ഉണ്ടാക്കാനായി അന്വേഷിച്ചെത്തുന്നവർക്ക് സൗജന്യമായി കൊടുക്കുന്നു. ടിൻഫുഡ് കൊടുക്കാതിരിക്കാനും കുട്ടികൾക്ക് ന്യൂട്രീഷ്യസ് ആയ ഫുഡ് തുടക്കത്തിലേ ലഭ്യമാക്കുക എന്നുമാണ് അതുകൊണ്ടുദ്ദേശിക്കുന്നത്.

തന്റെ മകൾ കുഞ്ഞായിരുന്നപ്പോൾ കുന്നങ്കായ തിരഞ്ഞുനടക്കേണ്ടി വരികയും പിന്നീട് പാതായ്ക്കര മനയിൽ നിന്ന് ഒരു വാഴക്കന്നു കിട്ടിയപ്പോൾ നട്ടുവളർത്തുകയും ചെയ്തതാണ്. മുൻവർഷങ്ങളിലൊരിക്കൽ നെൽകൃഷി പരീക്ഷിക്കുകയും മികച്ച വിളവ് ലഭിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും വെള്ളത്തിന്റെ അപര്യാപ്തതകൊണ്ട് പാട്ട കൃഷിയിലേക്ക് പിന്നീടു പോയില്ല. ആ കൃഷിയുടെ വിജയം അന്നാട്ടിലെ നെൽകൃഷി പണിക്കാരായ ആളുകളുടെ കൂട്ടായ്മ കൂടെയായിരുന്നു. ഒരു കാലത്ത് പാടത്ത് പണിയെടുത്ത് ശീലിച്ച അവരുടെ നിർദേശങ്ങളും സഹകരണവും വിത്തിടൽ മുതൽ വിളവെടുപ്പുവരെ സജ്ജീവമായിരുന്നു. കർഷകനായ അച്ഛന്റെ പണിക്കാരിൽ പലരും മകനോടൊപ്പം സന്തോഷത്തോടെ കൂടി.

കൃഷിയിലേക്ക് തിരിയാനുള്ള താൽപര്യം പൈതൃകമായിരുന്നു. കുട്ടിക്കാലത്ത് രണ്ട് ഏരിക്കുകളുള്ളതിനെ തോടട്ടിലിറക്കി കുളിപ്പിക്കുവാനും മറ്റും ഉത്സാഹത്തോടെ കൂടുക പതിവായിരുന്നുനു.അച്ഛനോടൊപ്പം രാവിലെ കൃഷിയിടത്തു പോവുകയും അവിടുത്തെ രീതികളുമായി പൊരുത്തപ്പെടുകയും ചെയ്തിരുന്നു. രണ്ടു മൂരികളും രണ്ടുപോത്തുകളും ഒരു പശുവുമൊക്കെ തൊഴുത്തിൽ നിറഞ്ഞുനിന്നിരുന്ന കാലത്ത് അവയുമായി ചങ്ങാത്തം കൂടുന്ന കുട്ടിയായിരുന്നു. മുതിർന്നപ്പോൾ കടയിലെ ജോലിക്കു പോകുമ്പോഴും ആറ് മണിമുതൽ ഏട്ടരവരെ കൃഷിയിടത്തിലെ കാര്യങ്ങൾ നോക്കുക പതിവായി.

തുണിക്കടയിലെ ചായ്ക്കുള്ള ഒഴിവ് സമയം അഞ്ചിനും അഞ്ചരയ്ക്കും ഇടയിലായിരുന്നു. കടയുടെ നേരെ എതിർവശത്തുണ്ടായിരുന്ന വായനശാലയിലായിരുന്നു ആ സമയം ചിലവഴിച്ചത്. സർക്കാർ ഉദ്യോഗം നേടുതിനുള്ള പരീക്ഷാ പഠനം. അവിടെ നിന്ന് പി.എസ്.സി ഗൈഡുകളും തൊഴിൽവാർത്തകളുമൊക്കെയെടുത്ത് പഠിക്കുവാനായി പത്തുപന്ത്രണ്ടു ചെറുപ്പക്കാർ അവിടെ ഒത്തുകൂടുമായിരുന്നു.

2005ൽ വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നതു മുതൽ 2015 വരെ സജീവ പ്രവർത്തകനായിരുന്നു. വിവാഹശേഷം രണ്ട് മക്കളും കൂടെയായപ്പോൾ വരുമാനത്തിൽ വർദ്ധനവുണ്ടാകേണ്ടതിന്റെ ആവ്യശ്യയതയേറി. ആ സന്ദർഭത്തിലാണ് വായനശാലയിലെ സുഹൃത്തുക്കളിലൊരാൾ KSFE ഉദ്യോഗസ്ഥനായതിനാൽ കമ്മീഷൻ ഏജന്റ് ആവുന്നതിലേക്ക് ശ്രദ്ധ ക്ഷണിച്ചത്.

ഏജൻസി എടുക്കുന്നതുമായി ബന്ധപ്പെട്ട് സുഹൃത്ത് പറഞ്ഞ ഒരു വാചകമായിരുന്നു ആകർഷകമായി തോന്നിയത്. സമൂഹത്തിലെ ഉന്നതരായ പല ഡോക്ടർമാർക്കും പോലീസ് ഓഫീസർ മാരുമൊക്കെയായി ഇടപഴകാനുള്ള അവസരം കിട്ടുമെന്നാണ്.

 

ഉദ്യോഗസ്ഥന്മാർ മിക്കവരും KSFE ചിട്ടികളെ ആശ്രയിക്കുന്നവരാണ്. ആദ്യം കുറച്ചുകാലം വിഷമിച്ചെങ്കിലും പിന്നീടു പിടിച്ചു നിൽക്കാമെന്നായപ്പോൾ കടയിലെ ഉദ്യോഗം രാജിവെച്ചു.
കമ്മീഷൻ ഏജന്റ് മാത്രമായപ്പോൾ സമയം കിട്ടുകയും നിർത്തിവെച്ച യോഗ പഠനം 2007 ൽ ആരംഭിക്കുകയുമായിരുന്നു. അതോടൊപ്പം ജീവവായുവായ കാർഷിക വൃത്തിയിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിഞ്ഞു.

വിഷമില്ലാത്ത അന്തരീഷത്തിൽ വിഷരഹിതമായ പച്ചക്കറികളും വാഴയും നെല്ലുമൊക്കെ ഉൽപ്പാദിപ്പിക്കുമ്പോൾ സാമ്പത്തികാഭിവൃദ്ധി മാത്രമായിരുന്നില്ല ലക്ഷ്യം. ഊർജ്ജസ്വലമായ ശരീരവും മനസ്സും യോഗയിലൂടെ കൂട്ടിനെത്തി. യോഗപരീശീലിപ്പിക്കുമ്പോൾ സുനിൽകുമാറിനു പറയാനുള്ളതും ഇതാണ്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാവൂ. ആരോഗ്യമുള്ള മനസ്സുണ്ടെങ്കിൽ ബാക്കിയെല്ലാം തനിയെ വന്നുകൊള്ളും. ആശുപത്രിയിലേക്കുള്ള പാതയിലൂടെ നാമിനിയും സഞ്ചരിച്ചുകൂടാ. അന്താരാഷ്ട്രതലത്തിൽ യോഗ ഉയർന്നതോടെ യോഗാമാസ്റ്റർമാർക്കും കൃത്യമായ പഠനങ്ങളുണ്ടെങ്കിലേ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നുള്ളൂ.
യു.എ.ഇ സന്ദർശനത്തിന് പോകുമ്പോൾ ഭാര്യ ദീപശ്രീയും, സഹോദരൻ അനിൽകുമാറുമാണ് തന്റെയിവിടുത്തെ ജോലികൾ ഏറ്റെെടുത്ത് ചെയ്യുന്നത്.
Share

Leave a Reply

Your email address will not be published. Required fields are marked *