ഉടലഴകിന് ഔഷധപ്പച്ച ‘കുടല്‍ചുരുക്കി അഥവാ തറുതാവല്‍’ !

ഉടലഴകിന് ഔഷധപ്പച്ച ‘കുടല്‍ചുരുക്കി അഥവാ തറുതാവല്‍’ !

ദിവാകരന്‍ ചോമ്പാല

ഉഡുരാജമുഖി മൃഗരാജകടി ഗജരാജവിരാജിത മന്ദഗതി ! സ്ത്രൈണ സൗന്ദര്യത്തിന്റെ അഴവളവുകളെക്കുറിച്ചും സുന്ദരിയായ സ്ത്രീയുടെ ഉടലഴകിനെക്കുറിച്ചും പുരാതനകാലം മുതല്‍ക്കേ കവികളും ചിത്രകാരന്മാരും ശില്‍പ്പികളും മുതല്‍ നമ്മുടെ വടക്കന്‍ പാട്ടുകാരന്‍ വരെ ,അനുവര്‍ത്തിച്ചുവന്ന പാടിപ്പുകഴ്ത്തിയ ചില പൊതു ധാരണകളുണ്ടായിരുന്നു . ”ചൊട്ടും മദ്ധ്യം, വിരളുമിളമാന്‍ കണ്ണുമത്താഴ്ന്ന പൊക്കിള്‍ ”. പൊതുവെ പറഞ്ഞാല്‍ അരക്കെട്ട് ഒതുങ്ങിയവള്‍ സുന്ദരി. ആലിലപോലുള്ള അണിവയറുള്ളവളാണെങ്കില്‍ അതിലേറെ സുന്ദരി !.കാലമേറെക്കഴിഞ്ഞിട്ടും സൗന്ദര്യാസ്വാദകരുടെ ആസ്വാദനക്ഷമതക്ക് മാറ്റമുണ്ടായില്ലെന്നുവേണം പറയാന്‍.

അതേസമയം സൗന്ദര്യം കാണുന്നവന്റെ കണ്ണിലാണെന്നത് നിഷേധിക്കാനാവാത്ത മറ്റൊരു സത്യം .
നിരന്തരം വ്യായാമം ചെയ്തും യോഗയും ഡാന്‍സും പതിവുനടത്തവും അതിന്റെ കൂടെ
ജിമ്മും കരാട്ടെയും ആഹാരനിയന്ത്രണവും വരെയുള്ള എല്ലാ ശ്രമങ്ങളും നടത്തിയിട്ടും വീര്‍ത്ത് പുറത്തോട്ട് ചാടിയ വലിയ വയര്‍ ഒതുങ്ങിക്കിട്ടാതെ നിരാശരായ സ്ത്രീകള്‍ക്കും കുടവയറുള്ള പുരുഷന്മാര്‍ക്കും സ്വീകാര്യവും ആശ്വാസകരവുമായ ഔഷധച്ചെടിയെക്കുറിച്ച് ലഭിച്ച വിവരങ്ങള്‍ പങ്കുവയ്ക്കുന്നു .
ജൈവവൈവിധ്യം കൊണ്ട് സമ്പന്നമായ നമ്മുടെ നാട്ടിന്‍പുറങ്ങളിലെ നാട്ടിടവഴികളുടെ ഓരങ്ങളിലും വയലോര പ്രദേശങ്ങളിലും വെളിമ്പറമ്പുകളിലും വരെ വര്‍ഷക്കാലം തുടങ്ങിയാല്‍ സമൃദ്ധിയായി മുളച്ചുപൊങ്ങുന്ന ഈ കാട്ടുചെടിയുടെ ഔഷധവീര്യമറിഞ്ഞാല്‍ അത്ഭുതം കൊണ്ട് മൂക്കത്ത് വിരല്‍ വെച്ച് പോകും .ഈ ചെടിയുടെ ഇല അടര്‍ത്തിയെടുത്ത് ഒരു പരന്നപാത്രത്തിലെ വെള്ളത്തിലിട്ടാല്‍ താറാവ് നീന്തുന്നപോലെ തോന്നും. അതുകൊണ്ടുതന്നെയാവാം ഈ ചെടിക്ക് താറാവ് ചെടി എന്നുകൂടി പേര് വീണത്. കുടല്‍ ചുരുക്കി, കുടലുരുക്കി , കുടലുണക്കി , തറുതാവല്‍, താറാവ് ചെടി ഇങ്ങനെ പലപേരുകളിലും അറിയപ്പെടുന്ന ഈ കാട്ടുചെടിയുടെ ശാസ്ത്രീയനാമം spermacoce articularis .

പരോപകാരം എന്ന സത്കര്‍മ്മം ജീവിതത്തിലുടനീളം ഒരു ലഹരിയായി കൊണ്ടുനടക്കുന്ന അസാധാരണ വ്യക്തിത്വത്തിനുടമയായ സസ്യഭാരതി ഉസ്താദ് ഹംസ വൈദ്യര്‍ മടിക്കൈ, കൈവിട്ടു പോകുന്ന കാര്‍ഷിക സമ്പത്തിനെ പുതിയ തലമുറക്കായി സമര്‍പ്പിക്കുകയും കൈവിട്ടുപോകാതെ കൈവശപ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ജൈവ കാര്‍ഷിക പ്രതിഭ ഗോപു കൊടുങ്ങല്ലൂര്‍, ആയുര്‍വ്വേദചികിത്സകനും ആത്മീയാചാര്യനുമായ ശങ്കര്‍ സ്വാമികള്‍ തുടങ്ങിയ നിരവധി മഹദ്വ്യക്തിത്വങ്ങള്‍ കുടലുരുക്കി എന്ന ഔഷധച്ചെടിയുടെ ഔഷധ വീര്യത്തെക്കുറിച്ചും ഉപയോഗത്തെക്കുറിച്ചും വ്യക്തമാക്കിയ വിവരങ്ങള്‍ കൂടി നമുക്ക് കൂട്ടിവായിക്കാം .

പോയ കാലങ്ങളില്‍ നമ്മുടെ മുത്തശ്ശിമാര്‍, നമ്മുടെപൂര്‍വ്വ പിതാക്കന്മാര്‍ ആരോഗ്യസംരക്ഷണത്തിനായും സൗന്ദര്യസംരക്ഷണത്തിനായും കുടലുരുക്കി എന്ന ഈ ഔഷധച്ചെടി ഉപയോഗിച്ചതായാണറിവ്.
കുടലുരുക്കി എന്നചെടി സമൂലം അരിഞ്ഞെടുത്തതും നാടന്‍ അരിയും ചേര്‍ത്ത് കല്ലമ്മിയില്‍ അരച്ചെടുത്തത് കൊണ്ട് അട ചുട്ടുകൊടുക്കുമായിരുന്നത്രെ ഗ്രഹണിരോഗത്തിന് . ഗ്രഹണിരോഗം പിടിപെട്ട കുട്ടികള്‍ക്ക് ഇതൊരു നല്ല പഥ്യാഹാരവുമായിരുന്നു . നാട്ടില്‍ വേണ്ടത്ര മൃഗാശുപത്രികളും വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനവും ലഭ്യമല്ലാതിരുന്ന കാലങ്ങളില്‍ ആട് പ്രസവിച്ചാല്‍ ആടിന്റെ വയര്‍ ചുരുങ്ങാന്‍ തറുതാവല്‍ എന്ന ഈ ചെടി പറിച്ചുകൊണ്ടുവന്നു ആടിന് തിന്നാന്‍ നല്‍കിയിരുന്നു .കുടല്‍ചുരുക്കി എന്ന ഈ ഔഷധച്ചെടിയുടെ ഉപയോഗം കൊണ്ട് വയര്‍ ചുരുങ്ങുമെന്നാണ് ആയുര്‍വ്വേദ വിദഗ്ധര്‍ പറയുന്നത്.

ഉപയോഗം ഇങ്ങിനെ: കുടലുരുക്കി എന്ന ചെടിയുടെ വേരൊഴിച്ച് തണ്ട് ഇല പൂവ് തുടങ്ങിയവ 20 ഗ്രാം കഴുകി വൃത്തിയാക്കി 50 ഗ്രാം നടന്‍ നെല്ലുകുത്തരിയും കൂടെചേര്‍ത്ത് കഞ്ഞിയുണ്ടാക്കികഴിക്കുക .
ചുരുങ്ങിയത് 3 മാസലക്കാലയളവിലെങ്കിലും സ്ഥിരമായി ഈ കഞ്ഞി കഴിച്ചാല്‍ വയര്‍ ചാടുന്നതിന് ശമനമുണ്ടാകും . ഈ സമയങ്ങളില്‍ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ആഹാരവസ്തുക്കള്‍ കഴിക്കരുതെന്നും കൂടുതല്‍ കൊഴുപ്പടങ്ങിയ ഭക്ഷണവസ്തുക്കള്‍ വര്‍ജ്ജിക്കണമെന്നും നിര്‍ദേശിക്കപ്പെടുന്നു .
ഈ ഔഷധപ്രയോഗത്തിലൂടെ വയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പു കുറയ്ക്കുകയാണ് ചെയ്യുന്നത് .

പ്രസവിച്ച സ്ത്രീകള്‍ പണ്ടുകാലങ്ങളില്‍ ഈ ചെടി ഇടിച്ചുപിഴിഞ്ഞനീരില്‍ ഉണക്കലരിയിട്ട് കഞ്ഞി കുടിച്ചിരുന്നതായും അറിയുന്നു. വയറിലെ ഫാറ്റ് കുറക്കാനായിരുന്നു ഈ ഔഷധക്കഞ്ഞിയുടെ പ്രയോഗം.
തറുതാവല്‍ എന്ന കുടലുരുക്കിച്ചെടി സമൂലം കൊത്തിയരിഞ്ഞത് രണ്ട് കൈപ്പത്തിയിലും കൊള്ളുന്നത്ര അഥവാ ഒരു കൈപ്പിടി അളവില്‍ വാരിയെടുത്ത് ഒരു മണ്‍പാത്രത്തില്‍ ഒരു ലിറ്റര്‍ വെള്ളമെടുത്ത് അതിലിടുക. ഒപ്പം 50 ഗ്രാം ചുക്ക് നന്നായി ചതച്ചതും ആ വെള്ളത്തിലിടുക.ഒരു സ്‌കെയിലോ ചെറിയ വടിയോ ഉപയോഗിച്ച് ഈ വെള്ളത്തിന്റെ അളവ് ആദ്യമേ തിട്ടപ്പെടുത്തുക .ശേഷം ഈ വെള്ളത്തില്‍ മൂന്ന് ലിറ്റര്‍ വെള്ളം കൂടി ഒഴിച്ച് തിളപ്പിക്കുക. ഇടക്കിടെ അളവ് വെച്ചുനോക്കി ആദ്യത്തെ ഒരു ലിറ്റര്‍ അളവിലെത്തിയാല്‍ തീയണക്കുക. കഷായം റെഡി.

ഈ കഷായം ഒരു ഔണ്‍സ് വീതം കഴിക്കാനാണ് നിര്‍ദേശിക്കുന്നത്. ഒരു മാസം കൊണ്ടുതന്നെ 5 കിലോ ഭാരം വരെ കുറയുമെന്നാണ് വൈദ്യന്മാര്‍ പറയുന്നത് . കുടലുരിക്കിയുടെ 60 ഗ്രാം വേരെടുത്ത് ചതച്ച് ഒന്നരലിറ്റര്‍ വെള്ളത്തിലിട്ട് തിളപ്പിച്ച് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം ശുദ്ധിചെയ്ത ഗുല്‍ഗ്ഗുലു മേമ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റിലും അത്താഴശേഷവും സേവിച്ചാല്‍ പ്രസവിച്ചുകിടക്കുന്ന സ്ത്രീകളുടെ വയര്‍ ചുരുങ്ങും. മാത്രമല്ല ഇതിന്റെ വേരും പച്ചമഞ്ഞളും ചേര്‍ത്തരച്ചത് പുരട്ടിയാല്‍ ഉളുക്കിന് ശമനമുണ്ടാകും. സ്ത്രീകളിലെ അമിതരക്തപ്രവാഹം നിയന്ത്രിക്കാനും ഈ ചെടിക്കാവുമെന്നാണ് ഫലശ്രുതി. മുറിവെണ്ണ നിര്‍മ്മാണത്തിനും ഈ ചെടി ഉപയോഗിക്കുന്നുണ്ട്.

കേരള സര്‍വ്വകലാശാലയുടെ ബോട്ടണി വിഭാഗം അസി.പ്രൊഫസര്‍ ഡോ.എ.ഗംഗാപ്രസാദ് ഉദരസംബന്ധമായ അസുഖങ്ങള്‍ക്കുപയോഗിക്കുന്ന കുടലുരുക്കി എന്ന ചെടിയെക്കുറിച്ച് ഇതിനകം പഠനനിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട് . ‘സസ്യസംരക്ഷണവും പ്രകൃതിദത്ത ചായത്തിന്റെ നിര്‍മാണവും’ എന്ന വിഷയത്തെ ആധാരമാക്കി അദ്ദേഹം നടത്തിയ പഠനനിരീക്ഷണങ്ങള്‍ക്ക് ശാസ്ത്രസാങ്കേതിക പരിസ്ഥിതിയുടെ അവാര്‍ഡും ലഭിച്ചിട്ടുണ്ട് . ഇത്രയൊക്കെയാണെങ്കിലും ഈ ചെടിയെക്കുറിച്ച് വ്യക്തമായ അറിവുള്ള വിദഗ്ദനായ ആയുര്‍വ്വേദ ചികിത്സകന്റെ നിര്‍ദേശാനുസരണം മാത്രം ഉപയോഗിക്കുന്നതാവും ശരിയും കൂടുതല്‍ ഉത്തമവും .

 

Share

Leave a Reply

Your email address will not be published. Required fields are marked *