വെള്ളിമാടുകുന്ന്: ലോ കോളേജിലെ എന്‍.എസ്.എസ് യൂണിറ്റ് 16,17 തിയ്യതികളിലായി ‘അനുച്ഛേദം 15’ എന്ന ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിക്കും. കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് കീഴില്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റില്‍ കോഴിക്കോട് ജില്ലയ്ക്ക് കീഴിലുള്ള മുഴുവന്‍ ക്യാമ്പസുകളില്‍നിന്നും എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ആയിട്ടുള്ള വിദ്യാര്‍ഥി പ്രതിനിധികള്‍ ഭാഗമാകും. സമൂഹത്തിലെ പാര്‍ശ്വവല്‍കൃതരും മുഖ്യധാരയില്‍ കൃത്യമായ ഒരിടം കണ്ടെത്താന്‍ പലപ്പോഴും ബുദ്ധിമുട്ടുന്നവരുമായ ട്രാന്‍സ്-ക്വീര്‍ വിഭാഗങ്ങളില്‍ പെടുന്ന മനുഷ്യരോട് ഐക്യദാര്‍ഢ്യപ്പെടുക, അവരെ അകറ്റി നിര്‍ത്തണമെന്ന പൊതുബോധത്തെ അപനിര്‍മിക്കുക, അവരെ അവരായി അംഗീകരിക്കുക തുടങ്ങിയ ആശയങ്ങളാണ് ക്യാമ്പ് മുന്നോട്ട് വയ്ക്കുന്നത്.
ക്വീര്‍ വ്യക്തിത്വങ്ങളുമായി സംവേദനാത്മക ചര്‍ച്ചകള്‍, എക്‌സിബിഷന്‍, സെമിനാറുകള്‍, സിനിമ പ്രദര്‍ശനം, നിയമ അവബോധം, കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ മറ്റു വിവിധയിനം മത്സരങ്ങള്‍ എന്നിവ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. രണ്ട് ദിവസമായി നടക്കുന്ന ക്യാമ്പില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി, സാമൂഹിക പ്രവര്‍ത്തക ശീതള്‍ ശ്യാം, പ്രഭാഷകനും ട്രയിനറുമായ ബ്രഹ്മനായകം മഹാദേവന്‍, എന്‍.എസ്.എസ് കാലിക്കറ്റ് സര്‍വ്വകലാശാല കോഓര്‍ഡിനേറ്റര്‍ ഡോ.സോണി ടി.എല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.