രോഗപ്രതിരോധത്തിനായ് ആരും നിയമം കയ്യിലെടുക്കരുത് – മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശ വിനോദ സഞ്ചാരികളോട് മോശമായ രീതിയിലുള്ള പെരുമാറ്റമാണ് സംസ്ഥാനത്ത് പലസ്ഥലത്തും ഉണ്ടാവുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് അംഗീകരിക്കാനാവില്ല. രോഗപ്രതിരോധത്തിന് വേണ്ടി ആരും നിയമം കയ്യിലെടുക്കരുതെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കഴിഞ്ഞ ദിവസം ഫ്രാന്‍സില്‍ നിന്നും ഇറ്റലിയില്‍ നിന്നും വന്ന രണ്ടുപേര്‍ക്ക് വടക്കന്‍ കേരളത്തില്‍ ഒരു സ്ഥലത്തും താമസിക്കാന്‍ സ്ഥലം കിട്ടിയില്ല. കഴിക്കാന്‍ ഭക്ഷണം പോലുമില്ലാത്ത സ്ഥിതിവിശേഷമുണ്ടായി. രണ്ട് ദിവസമാണ് അവര്‍ കഷ്ടപ്പെട്ടത്. മറ്റൊരു വിദേശസഞ്ചാരിയെ ആളുകള്‍ ചേര്‍ന്ന് ബസില്‍നിന്നും ഇറക്കിവിട്ടു.

മറ്റൊരു യുവതിക്കും കുഞ്ഞിനും ഭക്ഷണം കിട്ടാതെ അലയേണ്ടിവന്നു. കുട്ടികള്‍ ഉള്‍പ്പെടെയുള്ള മറ്റൊരു റഷ്യന്‍ കുടുംബത്തിന് താമസിക്കാന്‍ മുറി കിട്ടിയില്ല.

നമ്മുടെ നാടിന് ചേരാത്ത നാണം കെട്ട പ്രവർത്തിയാണ് ഇതെന്ന് നാം മനസ്സിലാക്കണം. ഇതോടെ എല്ലാം അവസാനിക്കുന്നില്ല. രോഗത്തെ പ്രതിരോധിക്കാനാണ് നമ്മള്‍ ശ്രമിക്കുന്നത്. അതിജീവിച്ചെന്ന നാട് എന്ന നിലയില്‍ സംസ്ഥാനത്തെ എത്തിക്കേണ്ടതുണ്ട്.

വിദേശസഞ്ചാരികള്‍ക്ക് മോശം അനുഭവം ഉണ്ടാവുന്നത് തുടര്‍ന്നാല്‍ അത് കേരളത്തെക്കുറിച്ച്‌ മോശം അഭിപ്രായം ഉണ്ടാക്കും. കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കും. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ടൂറിസം വകുപ്പ് പുതിയ തീരുമാനങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. ഇത് സ്വാഗതാര്‍ഹമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *