കോഴിക്കോട്: ഭാരതത്തിലെ ധീര സൈനികര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ഭാരതയാത്രക്കൊരുങ്ങുകയാണ് രജീഷ് പാലേരിയും കുടുംബവും. ജൂലൈ 16ന് തുടങ്ങി 35 ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയുടെ ഫ്ളാഗ് ഓഫ് കോഴിക്കോട് കടപ്പുറത്ത് വച്ച് മുന്‍ സൈനികനും സിനിമാ സംവിധായകനുമായ മേജര്‍ രവി നിര്‍വഹിക്കും. രാജേഷിന്റെ ഭാര്യ ഷൈജ, മകന് വൈഷ്ണവ് പാലേരി, മകള്‍ നീഹാര പാലേരി എന്നിവരും യാത്രയില്‍ പങ്കാളികളാകും. യാത്രയുടെ മുന്നോടിയായി ജൂലൈ ഒന്‍പതിന് വടകര ടൗണ്ഹാളില്വച്ച് പഞ്ചായത്തിലെ മുഴുവന്‍ സൈനികരേയും ആദരിക്കുന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. പരിപാടിയിന്‍ നിരവധി സൈനികര്‍ പങ്കെടുക്കുകയും ചെയ്തു.
അതിനോടൊപ്പം പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന് വസന്ത്കുമാറിന്റെ കല്‍പ്പറ്റയിലെ വീടും കാശ്മീര്‍ പട്രോളിങ്ങിനിടെ പരുക്കേറ്റ ബ്രിഗേഡിയര്‍ ഗംഗാധരന്റെ വീടും രജീഷും കുടുംബവും സന്ദര്‍ശിച്ചു. കാശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ശൗര്യചക്ര ശ്രീജിത്തിന്റെ വീടും മുംബൈ ആക്രമണത്തില്‍ പരുക്കേറ്റ സൈനികന് പി.വി മനേഷിന്റെ കണ്ണൂരിലെ അഴീക്കോട്ടെ വീടും യാത്രക്ക് മുന്നേ ഇവര്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് യാത്രക്ക് പോകുന്ന റൂട്ടിലുള്ള വീരമൃത്യു വരിച്ച നിരവധി സൈനികരുടെ മണ്ഡപങ്ങളും വീടുകളും സന്ദര്‍ശിക്കും. യാത്രയുടെ ചിലവായ നാലുലക്ഷം രൂപ സ്പോണ്‍സര്‍ഷിപ്പ് ഇല്ലാത്തതിനാല്‍ ഇവര്‍ സ്വയം തന്നെയാണ് വഹിക്കുന്നത്. യാത്രയോടനുബന്ധിച്ച് JUST SET GO എന്ന യൂട്യൂബ് ചാനലും ഇന്‍സ്റ്റാഗ്രം പേജും ഇവര്‍ ആരംഭിച്ചിട്ടുണ്ട്.