കുടുംബശ്രീ മണ്‍സൂണ്‍ വെബിനാര്‍ പരമ്പര: നാളെ തുടക്കം

കുടുംബശ്രീ മണ്‍സൂണ്‍ വെബിനാര്‍ പരമ്പര: നാളെ തുടക്കം

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ നേരിടേണ്ടി വരുന്ന സാഹചര്യങ്ങളിലെ അതിജീവനം സംബന്ധിച്ച ബോധവല്‍ക്കരണ സന്ദേശങ്ങള്‍ അയല്‍ക്കൂട്ട കുടുംബങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ സംഘടിപ്പിക്കുന്ന വെബിനാര്‍ പരമ്പരയ്ക്ക് നാളെ തുടക്കമാകും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ.ശേഖര്‍ ലൂക്കോസ് കുര്യാക്കോസ് രാവിലെ 11ന് വെബിനാര്‍ പരമ്പരയുടെ ഉദ്ഘാടനം നിര്‍വഹിച്ച് ‘പ്രകൃതി ദുരന്തങ്ങളും അതിജീവനവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. പരിപാടിയുടെ ഭാഗമായി ആഴ്ചയില്‍ ഒന്നു വീതം ആകെ പതിനഞ്ചു വെബിനാറുകള്‍ സംഘടിപ്പിക്കും. ഉരുള്‍പൊട്ടല്‍, പ്രളയം, ചുഴലിക്കാറ്റ്, കടല്‍ക്ഷോഭം എന്നിവ ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങള്‍, സ്വീരിക്കേണ്ട മുന്‍കരുതലുകള്‍, പ്രകൃതക്ഷോഭവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിവിധ പ്രത്യാഘാതങ്ങളെ അതിജീവിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, പ്രളയത്തില്‍ വീടിന്റെയും വളര്‍ത്തുമൃഗങ്ങളുടെയും സംരക്ഷണം, പകര്‍ച്ചവ്യാധികളെ തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ച് ഓരോ കുടുംബശ്രീ കുടുംബത്തിലേക്കും സന്ദേശങ്ങള്‍ എത്തിക്കുകയും ആകസ്മിക പ്രകൃതിദുരന്തങ്ങളെ നേരിടാനും അതിജീവിക്കാനും സ്വയംസജ്ജരാക്കുകയുമാണ് വെബിനാര്‍ പരമ്പരയുടെ ലക്ഷ്യം.

അതിജീവന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവിധ വിഷയങ്ങളെ ആസ്പദമാക്കി ആരോഗ്യ ദുരന്തനിവാരണ മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ സംസാരിക്കും. കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, അയല്‍ക്കൂട്ട പ്രതിനിധികള്‍, റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, ബ്‌ളോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരായിരിക്കും വെബിനാറില്‍ പങ്കെടുക്കുക. വെബിനാറിലൂടെ ലഭിച്ച അറിവുകള്‍ ഇവര്‍ മുഖേന അയല്‍ക്കൂട്ടങ്ങളില്‍ എത്തിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ കേരളം അഭിമുഖീകരിച്ച പ്രളയക്കെടുതികളില്‍ കുടുംബശ്രീ അയല്‍ക്കൂട്ട കുടുംബങ്ങളില്‍ നല്ലൊരു വിഭാഗത്തിനും ഏറെ നാശനഷ്ടങ്ങള്‍ സഹിക്കേണ്ടി വന്നിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ കുടുംബശ്രീ കുടുംബാംഗങ്ങളെ അതിജീവനത്തിനായി സ്വയംസജ്ജരാക്കുന്നതിനുള്ള അറിവുകള്‍ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് വെബിനാര്‍ പരമ്പര. https://www.youtube.com/c/KudumbashreeOfficial എന്ന കുടുംബശ്രീ യൂട്യൂബ് ചാനലിലും കാണാവുന്നതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *