അന്തര്‍ സംസ്ഥാന മോഷണസംഘത്തെ സിനിമാ സ്റ്റൈലില്‍ പിടികൂടി മാഹി പോലിസ്

അന്തര്‍ സംസ്ഥാന മോഷണസംഘത്തെ സിനിമാ സ്റ്റൈലില്‍ പിടികൂടി മാഹി പോലിസ്

മാഹി: അന്തര്‍ സംസ്ഥാന മോഷണസംഘത്തെ ഡല്‍ഹിയില്‍വച്ച് പിടികൂടി മാഹി പോലിസ്. പള്ളുരിലെ ഇ പ്ലാനറ്റ് ഇലക്ട്രോണിക്ക് ഷോപ്പില്‍ നിന്ന് എട്ട് ലക്ഷം രൂപയുടേയും ഇരട്ടപ്പിലാക്കൂല്‍ മൊബി ഹബ് എന്ന കടയില്‍ നിന്ന് നാല് ലക്ഷം രൂപ വിലമതിക്കുന്നതുമായ മൊബൈല്‍ ഫോണുകളും സ്മാര്‍ട്ട് വാച്ചുകളും മോഷ്ടിച്ച കേസിലാണ് അന്തര്‍ സംസ്ഥാന റാക്കറ്റിലെ കണ്ണികളെ പോലിസ് പിടികൂടിയത്.കഴിഞ്ഞ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

മോഷണം നടന്ന സ്ഥലത്തെ സി.സി.ടി.വി കാമറകളില്‍ നിന്നും മോഷണസംഘമെത്തിയ ഓട്ടോറിക്ഷയുടെ നമ്പര്‍ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ നിന്ന് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് മോഷണസംഘം ഓട്ടോയിലെത്തിയതെന്ന് മനസ്സിലായി. റെയില്‍വെ സ്റ്റേഷനിലെ കാമറ പരിശോധിച്ചതില്‍നിന്നും മോഷണസംഘത്തെക്കുറിച്ചുള്ള സൂചനകള്‍ കിട്ടി. ഇതര സംസ്ഥാനങ്ങളില്‍ ഇതിന് സമാനമായ മോഷണം നടന്നിട്ടുണ്ട്.
കൂടുതല്‍ അന്വേഷണങ്ങളില്‍നിന്ന് ബീഹാറിലെ മോത്തി ഹാരി എന്ന സ്ഥലത്തെ ‘ഗോദാ ഹസന്‍ ഗാങ്ങ്’ എന്നറിയപ്പെടുന്ന കുപ്രസിദ്ധ കൊള്ളസംഘത്തിന്റെ രീതിയുമായി സാമ്യമുള്ളതാണ് ഇവിടെ നടത്തിയ മോഷണമെന്ന് തെളിഞ്ഞു.

സംഭവസ്ഥലത്ത് നിന്ന് കിട്ടിയ കൈരേഖകളില്‍ ചിലത് ഡല്‍ഹിയിലെ ദ്വാരക പൊലീസ് സ്റ്റേഷനില്‍ കളവ് കേസ് പ്രതിയായ വാസിര്‍ ഖാന്‍ എന്നയാളുടേതാണെന്ന് മനസ്സിലായി. തുടര്‍ന്ന് എസ്.ഐ ഇളങ്കോവിന്റെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയിലെത്തി വാസിര്‍ ഖാന്റെ ഫോണ്‍ നമ്പര്‍ ശേഖരിച്ച് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും കപഷേര എന്ന സ്ഥലത്ത് വെച്ച് ഇയാളെ പിടികൂടുകയുമായിരുന്നു. വാസിര്‍ ഖാന്റെ കൂടെയുണ്ടായിരുന്ന രാഹുല്‍ ജൈസ്വാള്‍, മുസ്ലിം ആലം എന്നിവരെ സി.സി.ടി.വി. ഫൂട്ടേജില്‍ നിന്നും ലഭിച്ച ചിത്രത്തിലൂടെ തിരിച്ചറിഞ്ഞു. ഇവരെയും പോലിസ് പിടികൂടി. ഇവര്‍ പത്ത് ദിവസം കുറ്റ്യാടിയില്‍ കൂലിവേലക്കാര്‍ എന്ന നിലയില്‍ വാടകക്ക് താമസിച്ചിരുന്നു.

മോഷ്ടിച്ച ഫോണുകള്‍ സ്വന്തം നാടായ ബീഹാറിലെ മോത്തിഹാരിയില്‍ ഇവര്‍ വില്‍പ്പന നടത്തിയിരുന്നു. ഇരുപത് ദിവസം ഡല്‍ഹിയില്‍ തങ്ങിയാണ് എസ്.ഐ ഇളങ്കോവിന്റെ നേതൃത്വത്തിലുളളം സംഘം പ്രതികളെ പിടികൂടിയത്. പോലിസ് സംഘത്തില്‍ കിഷോര്‍ കുമാര്‍ (എ.എസ്.ഐ), സുനില്‍ കുമാര(എ.എസ്.ഐ), പ്രസാദ്(എ.എസ്.ഐ), ശ്രീജേഷ്, രാജേഷ്, നിഷിത്ത്, പ്രീത് എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ മൂന്ന് പേരേയും മാഹിയിലെത്തിച്ചു. ഇവരെ ഇന്ന് മാഹി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് എസ്.പി രാജശങ്കര്‍ വെള്ളാട്ട് പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *