കോഴിക്കോട്: രാജ്യത്തെ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും പ്രയോജനമാകുന്ന വിധത്തില്‍ റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണം. പശ്ചിമ ബംഗാള്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ ഇത്തരം പദ്ധതിയുമായി മുന്നോട്ടു പോകുന്നത് മാതൃകയാക്കി കേന്ദ്ര സര്‍ക്കാര്‍ നയരേഖ തയ്യാറാക്കണമെന്നും ഓള് കേരളാ റീട്ടേയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.2013ല്‍ നടപ്പിലാക്കിയ ഭക്ഷ്യ ഭദ്രതാ നിയമത്തില്‍ ഉള്‍പെട്ടവര്‍ക്ക് മാത്രമാണ് നിലവില്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് അര്‍ഹതയുള്ളത്.
രാജ്യത്തെ ജനവിഭാഗങ്ങളില്‍ ഭൂരിഭാഗം പേരും പ്രസ്തുത പദ്ധതിയിലെ ആനുകൂല്യം ലഭിക്കാത്തവരാണ്. ഭക്ഷ്യധാന്യ ഉല്‍പ്പാദന കമ്മി സംസ്ഥാനമായ കേരളത്തില്‍ 35 ശതമാനം ജനവിഭാഗത്തിന് മാത്രമാണ് പ്രസ്തുത ആനുകൂല്യം ലഭിക്കുന്നത്. അത് കൊണ്ട് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും റേഷന്‍ ലഭിക്കുന്നതിന് നിയമനിര്‍മാണവും വിതരണത്തിന് ആവശ്യമായ നടപടിയും സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആഗസ്റ്റ് രണ്ടിന് ഡല്‍ഹി രാംലീല മൈതാനിയില്‍ നിന്ന് പാര്‍ലെമെന്റ് മന്ദിരത്തിലേക്ക് ഓള് ഇന്ത്യ ഫെയര്‍പ്രൈസ് ഷോപ്പ് ഡീലേഴ്സ് ഫെഡറേഷന് നടത്തുന്ന മാര്‍ച്ചില്‍ പങ്കാളിത്വം വഹിക്കാന്‍ ഓള് കേരളാ റീട്ടേയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് തീരുമാനിച്ചു.
തൃശൂര്‍ സംസ്ഥാന ഓഫിസില്‍ പ്രസിഡന്റ് അഡ്വ. ജോണി നെല്ലൂര്‍ എക്സ് എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരവാഹികളുടെ മീറ്റിങ്ങില്‍ ഡല്‍ഹിയില്‍ നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ 500 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുവാനും തീരുമാനിച്ചു. ജനറല്‍ സെക്രട്ടറി ടി.മുഹമ്മദാലി, സി.മോഹനന് പിള്ള, അഡ്വ. ജോണ്സന് വിളവിനാല്‍, നടരാജന് കാസര്‍കോട്, കെ. പവിത്രന് തലശ്ശേരി, ഇ.ശ്രീജന്, ഷാജി യവനാര്‍കുളം, പവിത്രന് കൊയിലാണ്ടി, സി.വി മുഹമ്മദ്, സത്താര്‍, ജയപ്രകാശ് പാലക്കാട്, സെബാസ്റ്റ്യന്‍ ചൂണ്ടല്‍, പി.ഡി.പോള്‍, ബി.ഉണ്ണികൃഷ്ണപിള്ള, ജോസ് കാവനാടന്‍, മുട്ടത്തറ ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.