സാഗി പദ്ധതി: അത്തോളി, പെരുവയല്‍ ഗ്രാമപഞ്ചായത്തുകളുടെ വില്ലേജ് ഡെവലപ്പ്മെന്റ് പ്ലാനിന് അന്തിമാനുമതി

സാഗി പദ്ധതി: അത്തോളി, പെരുവയല്‍ ഗ്രാമപഞ്ചായത്തുകളുടെ വില്ലേജ് ഡെവലപ്പ്മെന്റ് പ്ലാനിന് അന്തിമാനുമതി

കോഴിക്കോട്: സന്‍സദ് ആദര്‍ശ് ഗ്രാമ യോജന (സാഗി)യുടെ ഭാഗമായി എം.കെ. രാഘവന്‍ എം.പി ദത്തെടുത്ത അത്തോളി, പെരുവയല്‍ ഗ്രാമപഞ്ചായത്തുകളുടെ ഗ്രാമ വികസന പദ്ധതിക്ക് (വില്ലേജ് ഡെവലപ്പ്മെന്റ് പ്ലാന്‍) അന്തിമാനുമതിയായി. ഇരു പഞ്ചായത്തുകളിലുമായി 90 വീതം പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയത്. എം.കെ. രാഘവന്‍ എം.പിയുടെ അധ്യക്ഷതയില്‍ മലാപ്പറമ്പ് ക്രൈസ്റ്റ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി മുഖ്യപ്രഭാഷണം നടത്തി.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇന്‍ഷൂറന്‍സ് ഉള്‍പ്പെടെയുള്ള പദ്ധതികളെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കണമെന്ന് എം.കെ. രാഘവന്‍ എം.പി പറഞ്ഞു. സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹാന്‍ഡ് ബുക്ക് ഓരോ പഞ്ചായത്തുകളും തയ്യാറാക്കണമെന്നും എം.പി നിര്‍ദേശിച്ചു. ഐ.ഐ.എം, എന്‍.ഐ.ടി, ലീഡ് ബാങ്ക്, സി.ഡബ്ല്യൂ.ആര്‍.ഡി.എം എന്നിവയില്‍ നിന്നുള്ള പ്രതിനിധികള്‍ പഞ്ചായത്തുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് യോഗത്തില്‍ അറിയിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക മാതൃകാ ഗ്രാമവികസന പദ്ധതിയാണ് 2014-ല്‍ ആരംഭിച്ച സന്‍സദ് ആദര്‍ശ് ഗ്രാമ യോജന (സാഗി). സാമ്പത്തിക, സാമൂഹ്യ, വ്യക്തി-മനുഷ്യവിഭവ ശേഷി, പാരിസ്ഥിതിക, അടിസ്ഥാന സൗകര്യം ഉള്‍പ്പെടെ, സാമൂഹ്യ സുരക്ഷ, സദ്ഭരണം എന്നിവയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതിയിലേക്ക് പാര്‍ലമെന്റ് അംഗങ്ങളാണ് ഗ്രാമപഞ്ചായത്തുകളെ നിര്‍ദേശിക്കുന്നത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ സംയോജന സാധ്യതകള്‍ പ്രയോജനപ്പെടുത്തി, ദത്തെടുത്ത ഗ്രാമത്തെ എല്ലാ മേഖലകളിലും ഒരു മാതൃകാ ഗ്രാമം ആയി മാറ്റുന്നതിന് വിഭാവനം ചെയ്യുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ഫേസ് 5, 6 എന്നിവയിലേക്ക് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ എം.കെ. രാഘവന്‍ എം.പി നിര്‍ദേശിച്ച പഞ്ചായത്തുകളാണ് അത്തോളിയും പെരുവയലും.സാഗിയുടെ ഭാഗമായി വികസനപ്രശ്നങ്ങളെ മനസ്സിലാക്കാനുള്ള സര്‍വേ ഓരോ പഞ്ചായത്തുകളിലും നടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ വികസനം ആവശ്യമുള്ള മേഖലകളെ കണ്ടെത്തി വിവിധ പദ്ധതികള്‍ തയ്യാറാക്കും. ഇതിന്മേലുള്ള ചര്‍ച്ചകള്‍ക്കു ശേഷമാണ് പദ്ധതികള്‍ക്ക് അന്തിമാനുമതി നല്‍കുന്നത്.

കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം, പരിസ്ഥിതി, ഉപജീവനമാര്‍ഗ്ഗം മുതലായ വിവിധ മേഖലകളിലൂടെ ഗ്രാമത്തിന്റെ സംയോജിത വികസനമാണ് പദ്ധതി ലക്ഷ്യമിടുന്നത്.ചടങ്ങില്‍ എം.ജി.എന്‍.ആര്‍.ഇ.ജി ജോ. പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ മുഹമ്മദ് ജാ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീബ രാമചന്ദ്രന്‍, സുഹറബി, ലീഡ് ഡിസ്ട്രിക് മാനേജര്‍ മുരളീധരന്‍, സാഗി കോ- ഓര്‍ഡിനേറ്റര്‍ ബാബുരാജ്, ഗ്രമപഞ്ചായത്ത് ചാര്‍ജ് ഓഫീസര്‍മാരായ രജനി പുല്ലാനിക്കാട്ട്, നജീല ഉബൈദുള്ള, ഐ.ഐ.എം അസോ. പ്രൊഫ. അനുഭ എസ്. സിന്‍ഹ, സി.ഡബ്ല്യൂ.ആര്‍.ഡി.എം സീനിയര്‍ സയിന്റിസ്റ്റ് ജി.കെ. അമ്പിളി, എന്‍.ഐ.ടി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പി.എസ് സതീദേവി, ദാരിദ്ര ലഘൂകരണം വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ.കെ വിമല്‍ രാജ് തുടങ്ങിയവര്‍ സംസാരിച്ചു. എല്ലാ ജില്ലാതല ഓഫീസര്‍മാരും, അത്തോളി, പെരുവയല്‍ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *