‘എന്റെ തൊഴില്‍ എന്റെ അഭിമാനം’; ജില്ലയില്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

‘എന്റെ തൊഴില്‍ എന്റെ അഭിമാനം’; ജില്ലയില്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

കോഴിക്കോട്: കേരള നോളേജ് ഇക്കോണമി മിഷന്‍ ആരംഭിച്ച എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ പരിശീലന പരിപാടി മാനാഞ്ചിറ നളന്ദ ഹോട്ടലില്‍ കേരള നോളേജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ് ശ്രീകല ഉദ്ഘാടനം ചെയ്തു. 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, കില എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം ക്യാമ്പയിനിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ തുടക്കമായാണ് പരശീലനം നടത്തിയത്. കമ്മ്യൂണിറ്റി അംബാസിഡര്‍മാര്‍ക്കും മാസ്റ്റര്‍ റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുമായാണ് പരിശീലനം സംഘടിപ്പിച്ചത്.

ആദ്യഘട്ടമായി മെയ് എട്ട് മുതല്‍ 15 വരെ നടത്തിയ സര്‍വ്വേയിലൂടെ തൊഴില്‍ രഹിതരായ 53 ലക്ഷം തൊഴില്‍ അന്വേഷകരെ കണ്ടെത്തുകയും ഇവരുടെ പ്രാഥമിക വിവരങ്ങള്‍ മൊബൈല്‍ ആപ്പില്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍പ്രവര്‍ത്തനമായി തൊഴില്‍ അന്വേഷകരില്‍ 21 മുതല്‍ 40 വയസ്സിനിടയില്‍ പ്രായമുള്ള ബിരുദ, ബിരുദാനന്തര ബിരുദ, ഡിപ്ലോമ, ഐ.ടി.ഐ തൊഴിലന്വേഷകരെയാണ് ആദ്യ ഘട്ടത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് രജിസ്റ്റര്‍ ചെയ്യിപ്പിക്കുന്നത്.

തങ്ങളുടെ വിദ്യഭ്യാസ യോഗ്യതയ്ക്കും, അഭിരുചിയ്ക്കും ഇണങ്ങുന്ന തൊഴില്‍ ധാതാക്കളെ കണ്ടെത്തുന്നതിനോടൊപ്പം ജോലി ലഭിക്കുന്നതിനാവശ്യമായ പരിശീലനവും ഈ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കും. ഇതിന്റെ ഭാഗമായി ജൂലൈ 18 മുതല്‍ 31 വരെ തൊഴില്‍ അന്വേഷകര്‍ക്കായി പഞ്ചായത്ത്/ മുനിസിപ്പല്‍ പരിധിയിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ പി.എം ഗിരീഷന്‍ അധ്യക്ഷത വഹിച്ചു. കെ.കെ.ഇ.എം സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ.സി. മധുസൂദനന്‍ ക്യാമ്പയിനിന്റെ ഉദ്ദേശ ലക്ഷ്യങ്ങളും തുടര്‍പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. കെ.കെ.ഇ.എം പ്രോഗ്രാം മാനേജര്‍മാരായ ഡയാന തങ്കച്ചന്‍, സുമ ദേവി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകളെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ പ്രോഗ്രാം മാനേജര്‍ കെ.വി. പ്രഷിത സ്വാഗതവും കുടുംബശ്രീ ബ്ലോക്ക് ലെവല്‍ ആര്‍.പി രൂപിത നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *