ഏകോപയോഗ പ്ലാസ്റ്റിക് നിരോധനം പഞ്ചായത്ത് തലത്തില്‍ ഉറപ്പുവരുത്തണം; ജില്ലാ കലക്ടര്‍

ഏകോപയോഗ പ്ലാസ്റ്റിക് നിരോധനം പഞ്ചായത്ത് തലത്തില്‍ ഉറപ്പുവരുത്തണം; ജില്ലാ കലക്ടര്‍

കോഴിക്കോട്: ഏകോപയോഗ പ്ലാസ്റ്റിക് നിരോധനം പഞ്ചായത്ത് തലത്തില്‍ ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഢി. പ്ലാസ്റ്റിക് നിരോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കണമെന്നും ഇതിന് ഉചിതമായ സ്ഥലം പഞ്ചായത്തുകള്‍ ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ആസാദി കി അമൃത് മഹോത്സവി’ന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത്, ശുചിത്വകേരള മിഷന്‍, ഹരിത കേരള മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷര്‍ക്ക് ഏകോപയോഗ പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നിരോധനം സംബന്ധിച്ച് നല്‍കിയ പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

ജില്ലാ ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ കെ.പി. രാധാകൃഷ്ണന്‍ പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ചും ഉണ്ടാകുന്ന മലിനീകരണ പ്രശ്‌നങ്ങളെക്കുറിച്ചും ക്ലാസെടുത്തു. ആളുകളുടെ മനോഭാവത്തില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിര്‍ത്തലാക്കാന്‍ സാധിക്കുകയുള്ളൂ. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് നടപ്പാക്കാന്‍ സാധിക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് ശിവാനന്ദന്‍ അധ്യക്ഷനായി. എല്‍.എസ്.ജി.ഡി റീജ്യണല്‍ ജോയിന്റ് ഡയറക്ടര്‍ ഡി. സാജു, ശുചിത്വമിഷന്‍ ജില്ലാ കോ- ഓഡിനേറ്റര്‍ ഒ. ശ്രീകല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീര്‍, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി റീന, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *