തിരുവനന്തപുരം: ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് അപമാനിച്ച പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഒന്നര ലക്ഷം രൂപ ആരോപണ വിധേയയായ പോലിസ് ഉദ്യോഗസ്ഥ രജിതയില്‍ നിന്ന് ഈടാക്കണമെന്നാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. കോടതിച്ചെലവായ 25,000 രൂപയും രജിതയില്‍ നിന്ന് ഈടാക്കും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 27നാണ് വിവാദ സംഭവം അരങ്ങേറിയത്. ഐ.എസ്.ആര്‍.ഒയുടെ വലിയ വാഹനം കാണാന്‍ പോയ തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രചിത മോഷണശ്രമം ആരോപിച്ച് പൊതുമധ്യത്തില്‍ നടുറോഡില്‍ വച്ച് അവഹേളിക്കുകയായിരുന്നു. ഉദ്യോഗസ്ഥയുടെ മൊബൈല്‍ മോഷ്ടിച്ചുവെന്നായിരുന്നു ആരോപണം. ഒടുവില്‍ പൊലീസ് വാഹനത്തിനുള്ളില്‍ നിന്നു തന്നെ മൊബൈല്‍ കിട്ടിയിട്ടും വളരെ മോശമായി തന്നെയാണ് തുടര്‍ന്നും ഇവര്‍ അച്ഛനോടും മകളോടും പെരുമാറിയത്.
ഇവരുടെ പ്രവൃത്തിയെ സംഭസ്ഥലത്തു തന്നെ പൊതുജനം ചോദ്യം ചെയ്യുകയും അതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുകയും ചെയ്തിരുന്നു. സംഭവത്തിനു ശേഷം എട്ടുവയസുകാരിയായ പെണ്‍കുട്ടി മാനസികമായി തളര്‍ന്നിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ജയചന്ദ്രന്‍ സംഭവത്തില്‍ ഡി.ജി.പിക്ക് പരാതി നല്‍കി. ഓഗസ്റ്റ് 31ന് ഐജി ഹര്‍ഷിത അട്ടല്ലൂരിയോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് ഡി.ജി.പിയുടെ ഉത്തരവ് വന്നു. പക്ഷേ പൊലീസ് റിപ്പോര്‍ട്ട് പഴയ പടി തന്നെയായിരുന്നു. ജാഗ്രതക്കുറവ് മാത്രമാണ് രജിതയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഐ.ജിയും ആവര്‍ത്തിച്ചു. എന്നാല്‍ ജയചന്ദ്രന്‍ എസ്.സി എസ്.ടി കമ്മീഷനെയും സമീപിച്ചു. തുടര്‍ന്ന് പോലിസ് ഉദ്യോഗസ്ഥയെ യൂണിഫോം ധരിച്ചുള്ള ജോലികളില്‍ നിന്ന് ഒഴിവാക്കണമെന്ന് എസ്.സി എസ്.ടി കമ്മീഷന്‍ പൊലീസിന് നിര്‍ദേശം നല്‍കി. ശേഷം പെണ്‍കുട്ടിയുടെ അച്ഛന്‍ ജയചന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവായത്. ആറ്റിങ്ങലില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ആയിരുന്നു സംഭവം.