കോഴിക്കോട്: സ്ത്രീകളും കുട്ടികളും വയോജനങ്ങളും നേരിടുന്ന പ്രശ്‌നപരിഹാരത്തിനായി ജില്ലയില്‍ ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തുമെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിത കമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 90 പരാതികളാണ് കമ്മീഷന്‍ പരിഗണിച്ചത്. 26 പരാതികള്‍ തീര്‍പ്പാക്കി. 62 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. രണ്ട് പരാതികളില്‍ പോലിസിനോട് റിപ്പോര്‍ട്ട് തേടി.
തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രികരിച്ച് വാര്‍ഡ് തലത്തില്‍ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. സ്‌കൂളുകളില്‍ ആഭ്യന്തര പ്രശ്‌ന പരിഹാര കമ്മിറ്റികള്‍ ഇല്ലാത്തതുമായി ബന്ധപ്പെട്ട് അദ്ധ്യാപികമാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരാതിയായി ലഭിച്ചിട്ടുണ്ടെന്നും ഇത് വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. തൊഴിലിടങ്ങളിലെ അവകാശ ലംഘനങ്ങള്‍, ചൂഷണങ്ങള്‍, കുടുംബ പ്രശ്‌നങ്ങള്‍ സംബന്ധിച്ച പരാതികളും കമ്മീഷന്‍ പരിഗണിച്ചു.