കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ ക്യാച്ച് ദ റയിന്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ജല്‍ശക്തി അഭിയാന്‍ കേന്ദ്രസംഘം ജില്ല സന്ദര്‍ശിച്ചു. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ രൂപവല്‍ക്കരിച്ച ജല്‍ശക്തി അഭിയാന്‍ പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്താനാണ് സന്ദര്‍ശനം. സാമ്പത്തിക മന്ത്രാലയം ഡി.ഐ.പി.എ.എം ഡയറക്ടര്‍ രാഹുല്‍ ജെയിന്‍, കേന്ദ്ര ഭൂജല ബോര്‍ഡിലെ ശാസ്ത്രജ്ഞന്‍ സി. രാജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്നുദിവസത്തെ സന്ദര്‍ശനം നടത്തുന്നത്. ജില്ലയിലെ ജലസംരക്ഷണ പദ്ധതികള്‍ നേരിട്ടു കണ്ട് വിലയിരുത്തും.
സന്ദര്‍ശനത്തിന്റെ ഭാഗമായി ജില്ലയിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. ക്യാച്ച് ദ റയിന്‍ ക്യാമ്പയിനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡി.ഐ.പി.എ.എം ഡയറക്ടര്‍ രാഹുല്‍ ജെയിന്‍ വിശദീകരിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയില്‍ ശാസ്ത്രീയമായ ജലസംരക്ഷണ പദ്ധതികള്‍ തയ്യാറാക്കും. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനായി ജലശക്തി കേന്ദ്രം എന്ന പേരില്‍ വിജ്ഞാന കേന്ദ്രങ്ങള്‍ ആരംഭിക്കും.
വനവല്‍കരണം കൂടുതല്‍ കാര്യക്ഷമമാക്കുകയും ജലസംരക്ഷണത്തിനായി പൊതുജന പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യും.
യോഗത്തില്‍ ജലസംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ ആശയങ്ങളും ആശങ്കകളും ചര്‍ച്ച ചെയ്തു. ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജില്ലാ വികസന കമ്മിഷണര്‍ അനുപം മിശ്ര, ജല്‍ശക്തി അഭിയാന്‍ നോഡല്‍ ഓഫീസര്‍ ആന്‍ഡ് ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ ജിജോ വി. ജോസഫ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.