തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ പ്രതികളായ ദിലീപും പള്‍സര്‍ സുനിയും ഒരുമിച്ചുള്ള ചിത്രം ഫോട്ടോഷോപ്പുവഴി കൃത്രിമമായി ചെയ്തു തീര്‍ത്തതാണെന്ന മുന്‍ ഡി.ജി.പി ആര്.ശ്രീലേഖയുടെ വാദത്തെ തള്ളി ചിത്രം പകര്‍ത്തിയയാള്‍. ചിത്രത്തില്‍ കൃത്രിമത്വം നടന്നിട്ടില്ലായെന്നും ദിലീപിനെ കണ്ട ആകാംക്ഷയില്‍ സെല്ഫിയെടുക്കുകയായിരുന്നെന്നും എടുത്ത ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ടെന്നും ചിത്രം പകര്‍ത്തിയ ബിദില്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ടെന്നീസ് ക്ലബില്‍ ബാര്‍മാനായി ജോലി ചെയ്തിരുന്ന സമയത്താണ് സംഭവം നടന്നത്. പോലിസ് അന്വേഷത്തില്‍ ഫോണ്‍ പരിശോധിക്കുകയും ചിത്രം കണ്ടെടുക്കുകയുമായിരുന്നു. കോടതിയില്‍ ഇതുസംബന്ധിച്ച് മൊഴി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ മുന്‍ ഡി.ജി.പി ആര്.ശ്രീലേഖ അവരുടെ യൂട്യൂബ് ചാനലില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ കേസുകള്‍ കെട്ടിച്ചമച്ചതാണെന്ന തരത്തിലുള്ള വാദം ഉന്നയിച്ചിരുന്നു. ദിലിപിനെതരേ തെളിവുകള്‍ക്ക് ബലം നല്കനായി പള്‍സര്‍ സുനിയുമൊത്തുള്ള ചിത്രം ഫോട്ടോഷോപ്പ് വഴി നിര്‍മിച്ചതാണെന്നും. ഒരു സീനിയര്‍ പോലിസ് ഉദ്യോഗസ്ഥന് ഇത് സമ്മതിച്ചിരുന്നതായും അവര്‍ വീഡിയോയില്‍ പറയുന്നുണ്ട്.