തലശ്ശേരി: സദാചാര പോലിസ് ചമഞ്ഞ് തലശ്ശേരി പോലിസ് ദമ്പതികളെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ധര്‍മ്മടം പാലയാട്ടെ പ്രത്യുഷിനും ഭാര്യക്കുമാണ് പോലിസിന്റെ ഭാഗത്തുനിന്ന് ഈ ദുരനുഭവം ഉണ്ടായത്. ഇക്കഴിഞ്ഞ അഞ്ചിന് രാത്രി 10.15 ഓടെ തലശ്ശേരി കടല്‍പ്പാലത്തിനു സമീപം കണ്ട ദമ്പതിമാരെ തലശ്ശേരി എസ്.ഐയും സംഘവും ചോദ്യം ചെയ്യുകയും കഞ്ചാവ് വില്‍പ്പന നടക്കുന്ന ഇടമാണിതെന്നും ഇവിടെ തങ്ങരുതെന്നും പറഞ്ഞു. സര്‍ ഇവിടെ എന്തെങ്കിലും സംഭവം നടന്നിട്ടുണ്ടോയെന്നു ചോദിച്ചതാണ് പോലിസിനെ പ്രകോപിപ്പിച്ചതെന്നും തുടര്‍ന്ന് പറഞ്ഞുതരാമെടാ എന്നും പറഞ്ഞ് പ്രത്യുഷിനെ പോലിസ് അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും ഭാര്യ മേഘ പറഞ്ഞു. തുടര്‍ന്ന് എത്തിയ മറ്റൊരു പോലിസ് വാഹനത്തില്‍ വനിതാ പോലിസ് ഇല്ലാതെ മേഘയെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.
മര്‍ദ്ദനത്തിനിടെ യുവാവിനെ നിലത്തുകൂടി വലിച്ചിഴച്ച് മറ്റൊരു ജീപ്പിലാണ് കൊണ്ടുപോയത്. ജീപ്പിലും മര്‍ദ്ദനം തുടര്‍ന്നു. പോലിസ് സ്റ്റേഷനില്‍ എത്തിയതിന് ശേഷം സി.ഐയും ക്രൂരമായി മര്‍ദ്ദിച്ചു. സി.ഐ മദ്യപിച്ചിരുന്നതായി പ്രത്യുഷ് പറഞ്ഞു. മറ്റു സിവില്‍ പോലിസുകാര്‍ ഇടപെട്ടാണ് സി.ഐയെ പിടിച്ചുമാറ്റിയത്. മര്‍ദ്ദനത്തിനിടെ കണ്ണില്‍ ഇരുട്ടു കയറുന്നുണ്ടെന്നും ഇനി എന്നെ തല്ലരുതെന്നും പ്രത്യുഷ് വിളിച്ചുപറയുന്നുണ്ടെങ്കിലും ഇതൊന്നും വകവക്കാതെ സി.ഐ മര്‍ദ്ദനം തുടരുകയുമായിരുന്നു. ഒരു സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെ അസഭ്യ വര്‍ഷം ചൊരിയുകയായിരുന്നുവെന്നും മേഘ പറഞ്ഞു.
പോലിസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് ദമ്പതികള്‍ക്കെതിരേ കേസെടുക്കുകയും പ്രത്യുഷിനെ കോടതി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. പുലര്‍ച്ചെ 3.30 വരെ മേഘയെ പോലിസ് സ്‌റ്റേഷനു പുറത്തു നിര്‍ത്തി. ഇതു സംബന്ധിച്ച് കണ്ണൂര്‍ എസ്.പി, മുഖ്യമന്ത്രി, വനിത കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്്. സ്ത്രീ സ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ കഴിഞ്ഞ മാസം നൈറ്റ് വാക്ക് സംഘടിപ്പിച്ച തലശ്ശേരിയിലാണ് പോലിസിന്റെ ഭാഗത്തുനിന്ന് തങ്ങള്‍ക്ക് ഈ ദുരനുഭവമുണ്ടായിട്ടുള്ളതെന്ന് മേഘ പറഞ്ഞു.