ചാലക്കര പുരുഷു
മാഹി: അക്കാദമിക് തലത്തിലെ മികവാര്‍ന്ന വിജയം, സമൂഹത്തിന്റെ ഉന്നത ശ്രേണിയിലേക്ക് ഒരു വിദ്യാര്‍ഥിയെ എത്തിക്കുകയും ശ്രദ്ധേയരായ പ്രൊഫഷണലിസ്റ്റുകളാക്കി മാറ്റുകയും ചെയ്യാമെങ്കിലും, തന്നെ താനാക്കി മാറ്റിയ സമൂഹത്തോടുള്ള കടപ്പാടുകള്‍ മറന്നു പോകരുതെന്ന് രമേശ് പറമ്പത്ത് എം.എല്‍.എ.
ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘വിജയതിലകം ശ്രേഷ്ഠാദരം’ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മയ്യഴി മേഖലയില്‍ എ പ്ലസ് വിജയം നേടിയ മുഴുവന്‍ സര്‍ക്കാര്‍ -സ്വകാര്യ വിദ്യാലയങ്ങളിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ഥികളേയും, നൂറ് മേനി വിജയം കൈവരിച്ച 14 വിദ്യാലയങ്ങളേയും വിജയത്തിന് നായകത്വം വഹിച്ച മയ്യഴി വിദ്യാഭ്യാസ മേലദ്ധ്യക്ഷന്‍ ഉത്തമ രാജ് മാഹിയേയും ചടങ്ങില്‍ അനുമോദിച്ചു.സ്‌കൂളില്‍ പോകാതെ വീട്ടിലിരുന്ന് പരീക്ഷയെഴുതി എ.പ്ലസ് നേടിയ അപൂര്‍വ്വ രോഗം ബാധിച്ച പന്തക്കലിലെ അനാമികക്ക് കാഷ് അവാര്‍ഡും ഉപഹാരവും നല്‍കി.
ശ്രീനാരായണ ബി.എഡ്.കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പോലിസ്സ് പെഷ്യല്‍ ബ്രാഞ്ച് സൂപ്രണ്ട് (തൃശൂര്‍ റേഞ്ച്)പ്രിന്‍സ് എബ്രഹാം മുഖ്യാതിഥിയായി.ലക്ഷ്യബോധവും ഇച്ഛാശക്തിയും കഠിനാധ്വാനവുമുണ്ടായാല്‍ അസാധ്യമായി ഒന്നുമില്ലെന്ന് കാലം തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനശബ്ദം പ്രസിഡന്റ് ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു. സി.ഇ.ഒ ഉത്തമ രാജ് മാഹി, ഡോ. എന്‍.കെ രാമകൃഷ്ണന്‍ സംസാരിച്ചു. സജിത് നാരായണന്‍ സ്വാഗതവും, ടി.എം സുധാകരന്‍ നന്ദിയും പറഞ്ഞു.