ചെന്നൈ: ആരാധനാ മൂര്‍ത്തിയില്‍ വിശ്വസിക്കുന്ന അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം വിലക്കാന്‍ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. കന്യാകുമാരി ജില്ലയിലെ തിരുവട്ടാര്‍ ആദികേശവ പെരുമാള്‍ ക്ഷേത്രത്തിലെ കുംഭാഭിഷേക ഉത്സവത്തില്‍ അഹിന്ദുക്കള്‍ പ്രവേശിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.
കുംഭാഭിഷേകം പോലുള്ള പൊതു ഉത്സവങ്ങളില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുക്കുന്നത്. ഇതില്‍ ഓരോരുത്തരുടെയും മതം തിരിച്ചറിയാന്‍ അധികൃതര്‍ക്ക് പ്രായോഗികമായി കഴിയില്ല. ക്രിസ്ത്യനായിയായ ഡോ. കെ.ജെ യേശുദാസ് പാടിയ ഭക്തി ഗാനങ്ങള്‍ വിവിധ ഹിന്ദു ആരാധനാലയങ്ങളില്‍ കേള്‍പ്പിക്കുന്നുണ്ട്. മുസ്‌ലിം ആരാധനാലയമായ നഗോര്‍ ദര്‍ഗ്ഗയിലും ക്രൈസ്തവ ആരാധനലയമായ വേളാങ്കണ്ണി പള്ളിയിലും നിരവധി ഹിന്ദുക്കള്‍ ആരാധന നടത്താന്‍ എത്താറുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ പി.എന്‍ പ്രകാശ്, ആര്‍. ഹേമലത എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കുംഭാഭിഷേക ഉത്സവത്തില്‍ ക്രിസ്തുമത വിശ്വാസിയായ മന്ത്രി പങ്കെടുക്കുന്നതിനെതിരേ സി. സോമന്‍ എന്ന വ്യക്തിയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.