കോഴിക്കോട്: കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാവ്യതിയാന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ‘ഹരിയാലി മഹോത്സവ് 2022’ പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര മന്ത്രി ഭൂപേന്ദര്‍ യാദവ് ഓണ്‍ലൈനായി നിര്‍വഹിച്ചു. ‘ആസാദി കാ അമൃത്’ മഹോത്സവിന്റെ ഭാഗമായി രാജ്യത്തെ 75 നഗര വനകേന്ദ്രങ്ങളില്‍ 75 തൈകള്‍ വീതം നട്ടുപിടിപ്പിക്കുന്നതാണ് പദ്ധതി. കേരളത്തില്‍ ആറ് കേന്ദ്രങ്ങളാണ് പദ്ധതിക്കുവേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. കടലുണ്ടി-വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍വും നഗരവനപദ്ധതിയില്‍ ഉള്‍പ്പെടും. വനത്തിന് പുറത്ത് വൃക്ഷാവരണം വര്‍ധിപ്പിക്കുന്നതിനും ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. കോഴിക്കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ കമ്മ്യൂണിറ്റി റിസര്‍വിലെ വിവിധ സ്ഥലങ്ങളില്‍ 75 കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിച്ചു.
സൈക്കിള്‍ പാത്ത്, ബോര്‍ഡ് വാക്ക്, ബോട്ടുജെട്ടികള്‍, ഇന്റര്‍പ്രറ്റേഷന്‍ സെന്റര്‍, നക്ഷത്രവനം, ശലഭോദ്യാനം തുടങ്ങി 1.2 കോടിരൂപയുടെ പദ്ധതികള്‍ നഗരവന പദ്ധതിയില്‍ ഉള്‍പ്പെടുന്നു. കടലുണ്ടിയില്‍ നടന്ന ചടങ്ങില്‍ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ അധ്യക്ഷത വഹിച്ചു. ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വള്ളിക്കുന്ന് സി.ബി.എച്ച്.എസ് സ്‌കൂള്‍, മണ്ണൂര്‍ സി.എം.എം.എച്ച്.എസ് എന്നീ സ്‌കൂളുകളില്‍ നിന്നുള്ള 50 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എം.രാജീവന്‍, കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍വ് ചെയര്‍മാന്‍ പി. ശിവദാസന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.