ന്യൂയോര്‍ക്ക്: വ്യാജ അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാത്തതിനാല്‍ സമൂഹമാധ്യമമായ ട്വിറ്റര്‍ വാങ്ങാനുള്ള നീക്കത്തില്‍ നിന്ന് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിലൊരാളായ ഇലോണ്‍ മസ്‌ക് പിന്‍മാറി. സമൂഹമാധ്യമമായ ട്വിറ്റര്‍ വാങ്ങാനുളള 44 ബില്യണ്‍ ഡോളറിന്റെ കരാര്‍ അവസാനിപ്പിക്കുകയാണെന്ന് ഇലോണ്‍ മസ്‌ക് അറിയിച്ചത്്. ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്ല, സ്പേസ്എക്സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോണ്‍ മസ്‌ക് ഏപ്രിലില്‍, ഒരു ഓഹരിക്ക് 54.20 ഡോളര്‍ (4,148 രൂപ) വാഗ്ദാനം ചെയ്തായിരുന്നു ട്വിറ്റര്‍ ഏറ്റെടുക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നത്.
കരാറിലെ ഒന്നിലധികം വ്യവസ്ഥകള്‍ ട്വിറ്റര്‍ ലംഘിച്ചുവെന്നും വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്ന അഭ്യര്‍ത്ഥനയോട് പ്രതികരിക്കാന്‍ ട്വിറ്റര്‍ വിസമ്മതിച്ചുവെന്നും മസ്‌കിന്റെ അഭിഭാഷകര്‍ പറഞ്ഞു. എന്നാല്‍, മസ്‌കിനെതിരേ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് ട്വിറ്റര്‍ ഒരുങ്ങുന്നതന്നെറിയുന്നു. ഇലോണ്‍ മസ്‌കുമായി ഉറപ്പിച്ച വിലയിലും നിബന്ധനകളിലും ഇടപാട് അവസാനിപ്പിക്കാന്‍ ട്വിറ്റര്‍ ബോര്‍ഡ് പ്രതിജ്ഞാബദ്ധമാണെന്ന് ട്വിറ്റര്‍ ചെയര്‍മാന്‍ ബ്രെറ്റ് ടെയ്‌ലോ പറഞ്ഞു. ഇടപാട് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ മസ്‌ക് ഒരു ബില്യണ്‍ ഡോളര്‍ ബ്രേക്ക്-അപ്പ് ഫീസ് നല്‍കണമെന്നാണ് ഇടപാടിന്റെ പ്രധാന നിബന്ധന.