അബുദാബി: ബലി പെരുന്നാളിനോടനുബന്ധിച്ച് 737 തടവുകാരെ മോചിപ്പിക്കാന്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് രാജ്യത്തെ പല ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കായിരിക്കും പ്രഖ്യാപനത്തിലൂടെ മോചനം ലഭിക്കുക. മോചിതരാക്കാന്‍ തെരഞ്ഞെടുക്കപ്പെടുന്ന തടവുകാര്‍ക്ക് ശിക്ഷയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളുണ്ടെങ്കില്‍ അവ ഏറ്റെടുക്കുമെന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അറിയിച്ചു. യു.എ.ഇ പിന്തുടരുന്ന ക്ഷമയുടെയും സഹിഷ്ണുതയുടെയും മാനവികതയുടെയും മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഈ തീരുമാനത്തിലൂടെ മോചിതരാവുന്ന തടവുകാര്‍ക്ക് തങ്ങളുടെ ജീവിതത്തില്‍ പുതിയൊരു അധ്യായം തുടങ്ങാനും തങ്ങളുടെ കുടുംബങ്ങള്‍ക്കും സമൂഹത്തിനും ഗുണപരമായ മാറ്റങ്ങളുണ്ടാക്കാനും സാധിക്കുമെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
യു.എ.ഇ.യുടെ ഭരണാധികാരികളുടെ വിശാലമായ മനസ്സിനും കാരുണ്യത്തിനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. 2020ല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സ്വന്തം രാജ്യക്കാര്‍ പോലും സ്വീകരിക്കാത്ത പ്രവാസികളെ സ്വന്തം പൗരന്‍മാരെ പോലെ സംരക്ഷിച്ച മാതൃകാ ഭരണാധികാരികളാണ് യു.എ.ഇയുടേത്. എന്നും കാരുണ്യവും കരുണയും മാത്രമാണ് അവരില്‍ നിന്ന് ലഭിച്ചികൊണ്ടിരിക്കുന്നതെന്നും പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു.