പക്ഷിപ്പനി ; നാശനഷ്ടമുണ്ടായ കർഷകർക്ക് മാർച്ച് 31 നകം നഷ്ടപരിഹാരം നൽകും മന്ത്രി കെ രാജു

പക്ഷിപ്പനി ; നാശനഷ്ടമുണ്ടായ കർഷകർക്ക് മാർച്ച് 31 നകം നഷ്ടപരിഹാരം നൽകും മന്ത്രി കെ രാജു

ജില്ലയിൽ പക്ഷിപ്പനിയെ തുടർന്ന് കൊന്നൊടുക്കിയ പക്ഷികളുടെ ഉടമകൾക്ക് മാർച്ച് 31 നകം നഷ്ടപരിഹാരം ബാങ്ക് അക്കൗണ്ടിലേക്ക് നൽകുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു. പക്ഷിപ്പനി നിവാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് മാസത്തിൽ താഴെ പ്രായമുള്ള കോഴിക്ക് ഒന്നിന് 100 രൂപയും ഇതിന് മുകളിൽ പ്രായമുള്ള കോഴിക്ക് ഒന്നിന് 200 രൂപയും കോഴിമുട്ട ഒന്നിന് അഞ്ച് രൂപ ഇനത്തിലും നഷ്ടപരിഹാരം നൽകും.

രോഗബാധ സ്ഥിരീകരിച്ച ഒരുകിലോമീറ്റർ ചുറ്റളവ് പ്രത്യേക നിയന്ത്രണ പ്രദേശമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇവിടേക്ക് ജീവനുള്ള പക്ഷികളെ കൊണ്ടുവരാനോ പുറത്തേക്ക് കൊണ്ടു പോവാനോ പാടില്ല. ഈ പ്രദേശങ്ങളിലെ കോഴിക്കടകൾ അടച്ചിടുന്നത് തുടരും. 10 കിലോമീറ്റർ ചുറ്റളവിൽ നിലവിൽ കടകളിൽ സൂക്ഷിച്ച കോഴികളെ വിൽപന നടത്താം. സംസ്‌കരിച്ച ചിക്കൻ വിൽപന നടത്തുന്നതിനും നിയന്ത്രണമില്ല. പുറത്ത് നിന്ന് ജീവനുള്ള പക്ഷികളെ കൊണ്ടുവരാനോ പുറത്തേക്ക് കൊണ്ടു പോവാനോ പാടില്ല.

അരുമ പക്ഷികളെ നശിപ്പിച്ച ഇനത്തിൽ ഉടമകൾക്ക് നിലവിലുള്ള നിരക്കിൽ നഷ്ടപരിഹാരം നൽകും. ജില്ലയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് പക്ഷിപ്പനി പടരാതെ നിയന്ത്രിക്കാൻ സാധിച്ചു. പരിശോധന നടത്തിയ കേന്ദ്ര സംഘം പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

മനുഷ്യരിലേക്ക് പക്ഷിപ്പനി പടന്ന സാഹചര്യം ഇല്ലെങ്കിലും നിയന്ത്രണങ്ങൾ തുടരും. 14 ദിവസം ഇടവിട്ട് സാമ്പിളുകൾ ഭോപ്പാൽ ഹൈ സെക്യൂരിറ്റി ലാബിലേക്ക് അയക്കും. മുഴുവൻ പരിശോധന ഫലങ്ങളും നെഗറ്റീവായാൽ മാത്രമേ നിയന്ത്രണങ്ങൾ പിൻവലിക്കാൻ സാധിക്കൂ. ഒരു മാസം കഴിഞ്ഞ് ഇക്കാര്യത്തിൽ വീണ്ടും അവലോകന യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, ജില്ലാ കലക്ടർ സാംബശിവറാവു, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എം.കെ പ്രസാദ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *