അന്തര്‍ദേശീയ സഹകരണ ദിനാഘോഷം; ജില്ലാതല ഉദ്ഘാടനം ചെയ്തു

അന്തര്‍ദേശീയ സഹകരണ ദിനാഘോഷം; ജില്ലാതല ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: അന്തര്‍ദേശീയ സഹകരണ ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. ‘മെച്ചപ്പെട്ട ലോക സൃഷ്ടിക്ക് സഹകരണ പ്രസ്ഥാനം’ എന്ന ശ്രദ്ധേയമായ പ്രമേയത്തിലാണ് ഈ വര്‍ഷത്തെ സഹകരണ ദിനാചരണം നടക്കുന്നത്. ഇന്റര്‍നാഷണല്‍ കോ- ഓപ്പറേറ്റീവ് അലയന്‍സിന്റെ (ഐ.സി.എ) ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ജൂലൈ മാസത്തിലെ ആദ്യത്തെ ശനിയാഴ്ചയാണ് അന്തര്‍ദേശീയ സഹകരണ ദിനമായി ആചരിച്ച് വരുന്നത്. നൂറാമത്തെ അന്തര്‍ദേശീയ സഹകരണ ദിനം എന്ന പ്രത്യേകതയും ഈ വര്‍ഷത്തെ സഹകരണ ദിനത്തിനുണ്ട്.

സഹകരണ സ്ഥാപനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയിലുള്ള അവബോധം ശക്തിപ്പെടുത്തുക, സഹകരണ പ്രസ്ഥാനത്തിന്റെ വിജയഗാഥകള്‍ പരിചയപ്പെടുത്തുക, അന്തര്‍ദേശീയ ഐക്യത്തിനും വികസനത്തിനും നല്‍കുന്ന മാതൃകകള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ദിനാഘോഷത്തിന്റെ ലക്ഷ്യങ്ങള്‍. സ്വയം സഹായം, സ്വയം ഉത്തരവാദിത്വം, ജനാധിപത്യം, സമത്വം, തുല്യത, ഐക്യദാര്‍ഢ്യം എന്നീ സഹകരണ മൂല്യങ്ങളും ധാര്‍മിക മൂല്യങ്ങളായ സത്യസന്ധത, തുറന്ന സമീപനം സാമൂഹിക പ്രതിബദ്ധത, മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള കരുതല്‍ എന്നിവയിലൂടെ ജനകേന്ദ്രീകൃത മാതൃകകളിലൂടെ ഒരു മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കുക എന്നതും ഈ സഹകരണ ദിനത്തിന്റെ മുഖ്യസന്ദേശമാണ്.

ദിനാഘോഷത്തിന്റെ ഭാഗമായി ചടങ്ങില്‍ 2020- 21 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി തിരഞ്ഞെടുത്ത മികച്ച സഹകരണ സ്ഥാപന/ സംഘങ്ങള്‍ക്ക് മന്ത്രി ഉപഹാരങ്ങള്‍ നല്‍കി. ഒന്‍പതു വിഭാഗങ്ങളായി തിരിച്ചാണ് സ്ഥാപനങ്ങളെ തിരഞ്ഞെടുത്തത്. പ്രാഥമിക കാര്‍ഷിക വായ്പാ സംഘം, വനിത, പട്ടികജാതി/ പട്ടികവര്‍ഗ, ആശുപത്രി, പലവക, ലേബര്‍ കോണ്‍ട്രാക്ട്, അര്‍ബന്‍ ബാങ്ക്, മാര്‍ക്കറ്റിംഗ്, എംപ്ലോയീസ് എന്നീ വിഭാഗങ്ങളിലെ മികച്ച സ്ഥാപനങ്ങള്‍ക്കാണ് ഉപഹാരങ്ങള്‍ നല്‍കിയത്. വടകര സഹകരണ റൂറല്‍ ബാങ്ക്, കാരശ്ശേരി പഞ്ചായത്ത് വനിതാ സഹകരണ സംഘം, കൊടുവള്ളി പട്ടികജാതി സഹകരണ സംഘം, കോഴിക്കോട് ജില്ലാ കോ- ഓപ്പറേറ്റീവ് ആശുപത്രി, സേവ് ഗ്രീന്‍ അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്, കാലിക്കറ്റ് കോ- ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക്, ദി നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്ട് കോ- ഓപ്പറേറ്റീവ് സപ്ലൈ ആന്‍ഡ് മാര്‍ക്കറ്റിംഗ് സൊസൈറ്റി, വടകര ബ്ലോക്ക് എംപ്ലോയീസ് സഹകരണ സംഘങ്ങള്‍ യഥാക്രമം ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. കേരള ബാങ്ക് റീജിയണല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ടി.പി. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.

നാഷണല്‍ ലേബര്‍ കോ- ഓപ്പറേറ്റീവ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ന്യൂഡല്‍ഹി ഡയറക്ടര്‍ ടി.കെ. കിഷോര്‍ കുമാര്‍ നവകേരള നിര്‍മിതിക്ക് സഹകരണപ്രസ്ഥാനം എന്ന വിഷയത്തില്‍ ക്ലാസെടുത്തു. പി.എ.സി.എസ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍, ജില്ലാ പ്രൈമറി കോ- ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ജി.സി. പ്രശാന്ത് കുമാര്‍, കേരളാ ബാങ്ക് കോഴിക്കോട് റീജിയണ്‍ ജനറല്‍ മാനേജര്‍ സി. അബ്ദുള്‍ മുജീബ് വിവിധ സഹകരണപ്രസ്ഥാന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ ബി. സുധ സ്വാഗതവും സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗം എം.കെ ഗീത നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *