പുതിയപാലത്ത് വലിയപാലം യാഥാര്‍ഥ്യമാവുന്നു

പുതിയപാലത്ത് വലിയപാലം യാഥാര്‍ഥ്യമാവുന്നു

കോഴിക്കോട്: നാടിന്റെ കാലങ്ങളായുള്ള ആവശ്യം യാഥാര്‍ഥ്യമാവുകയാണ്. പുതിയ പാലത്ത് വലിയ പാലം ഉടന്‍ യാഥാര്‍ഥ്യമാകും. 1947ല്‍ കനോലി കനാലിനു കുറുകെയായി ആദ്യത്തെ പാലം വന്നത്. പിന്നീട് 1982ല്‍ ഇന്ന് കാണുന്ന പുതിയ പാലം നിര്‍മിച്ചു. ആദ്യത്തെ പാലത്തിനു പടികള്‍ ആയിരുന്നെങ്കിലും വീതിയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് വന്ന പാലത്തിനു വീതി കുറഞ്ഞു. ഇരുചക്ര വാഹനങ്ങള്‍ക്കു മാത്രം കടന്നു പോകാവുന്ന ഈ പാലത്തിലൂടെ ഇന്ന് വാഹനങ്ങള്‍ ഏറെ പ്രയാസപ്പെട്ടാണ് പോകുന്നത്. രണ്ടു വാഹനങ്ങള്‍ക്കു വളരെ പാട്‌പെട്ട് മാത്രമേ പാലം വഴി കടന്നു പോകാനാവൂ. അതിനിടയിലൂടെ കാല്‍നടയാത്രക്കാരും കൂടിയാകുമ്പോള്‍ ഗതാഗതകുരുക്കാവും.

നിരന്തരശ്രമങ്ങളുടെയും ചര്‍ച്ചകളുടെയും ഫലമായി 2021 ല്‍ പുതിയപാലത്തെ വലിയ പാലത്തിനു ഭരണാനുമതി ലഭിച്ചു. സ്ഥലമെടുപ്പ് 95 ശതമാനം പൂര്‍ത്തിയായി. പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലെത്തി. ജൂലൈ മൂന്നിനാണ് പ്രവര്‍ത്തനോദ്ഘാടനം. ടൂറിസം പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷനാകും.
പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. രണ്ടു വര്‍ഷമാണ് പ്രവര്‍ത്തന കാലാവധി. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം. പൊതുമരാമത്തു വകുപ്പിനു കീഴിലുള്ള കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് നിര്‍മാണച്ചുമതല. മൊത്തം 59 കോടി രൂപയാണ് പാലത്തിനായി അനുവദിച്ചത്. ഇതില്‍ സ്ഥലമേറ്റെടുപ്പും പുനരധിവാസവുമുള്‍പ്പെടും. 23.73 കോടിയാണ് പാലത്തിന്റെ നിര്‍മാണച്ചെലവ്.

195 മീറ്റര്‍ നീളമുള്ള പാലത്തിനു ഇരുവശത്തുമായി അപ്രോച്ച് റോഡുകളും സര്‍വീസ് റോഡുകളും നിര്‍മിക്കും. കിഴക്ക് 383 മീറ്ററും പടിഞ്ഞാറ് 23 മീറ്ററുമുള്ള അപ്രോച്ച് റോഡും 110 മീറ്റര്‍ സര്‍വീസ് റോഡും വരും. ഏഴു സ്പാന്‍ വരുന്ന പാലത്തിന്റെ സെന്റര്‍ സ്പാന്‍ കനോലി കനാലിനു കുറുകേയായാണ് വരുന്നത്. 45 മീറ്ററാണ് നീളം. 11 മീറ്റര്‍ വീതിയുള്ള പാലം ബോസ്ട്രിംഗ് ആര്‍ച്ച് മാതൃകയിലാണ് നിര്‍മിക്കുക. ഒന്നരമീറ്റര്‍ വീതിയുള്ള നടപ്പാതയും പദ്ധതിയില്‍ ഉള്‍പ്പെടും. തളി ക്ഷേത്രത്തെയും മാങ്കാവ് മിനി ബൈപാസിനെയും ബന്ധിപ്പിക്കുന്ന വലിയ പാലം വരുന്നതോടെ പുതിയപാലത്തു കൂടിയുള്ള യാത്ര സുഗമമാകും. പാളയം ഭാഗത്തു നിന്നും മാങ്കാവ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്കു നഗരത്തിലെ തിരക്കില്‍പ്പെടാതെ യാത്രയും ചെയ്യാം.

 

Share

Leave a Reply

Your email address will not be published. Required fields are marked *