ബഷീര്‍ ഫെസ്റ്റിന് ഇന്ന് തുടക്കമാകും

ബഷീര്‍ ഫെസ്റ്റിന് ഇന്ന് തുടക്കമാകും

ബേപ്പൂര്‍: വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മദിനാചരണത്തിന്റെ ഭാഗമായി ബേപ്പൂരില്‍ സംഘടിപ്പിക്കുന്ന ബഷീര്‍ ഫെസ്റ്റിന് ഇന്ന് തുടക്കമാകും. വിനോദസഞ്ചാര- സാംസ്‌കാരിക വകുപ്പുകള്‍ സഹകരിച്ച് ബേപ്പൂര്‍ കേന്ദ്രീകരിച്ചു നാലു ദിവസങ്ങളിലായി വിപുലമായ ആഘോഷങ്ങളാണ് നടക്കുക. ബഷീറിന്റെ വീട്ടിലും പരിസരത്തുമായി വൈവിധ്യമാര്‍ന്ന സാഹിത്യ- സാംസ്‌കാരിക പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

ബഷീര്‍ ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ ഇന്ന് വൈകിട്ട് 5.30ന് ബേപ്പൂര്‍ ഹൈസ്‌കൂളില്‍ നടക്കും. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങ് മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എം.എ. ബേബി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ്, അപ്പുണ്ണി ശശി, പി.കെ.പാറക്കടവ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

ഫെസ്റ്റിന്റെ ആദ്യദിനമായ ഇന്ന് രാവിലെ 9.30 ന് നടക്കുന്ന ബഷീര്‍ ക്യാന്‍വാസ് ചിത്രരചന പ്രശസ്ത ചിത്രകാരന്‍ സുനില്‍ അശോകപുരം ഉദ്ഘാടനം ചെയ്യും. കോഴിക്കോട്ടെ പ്രശസ്ത ചിത്രകാരന്മാര്‍ ബഷീര്‍ കഥാപാത്രങ്ങളെ ക്യാന്‍വസില്‍ പകര്‍ത്തും. ബഷീര്‍ ഫോട്ടോ പ്രദര്‍ശനം ഉച്ചയ്ക്ക് 12.30 ന് മുന്‍ എം.എല്‍.എ എ. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യമേള ബേപ്പൂര്‍ ഹൈസ്‌കൂള്‍ പരിസരത്തു വൈകിട്ട് നാലിന് ഡെപ്യൂട്ടി മേയര്‍ സി. പി. മുസാഫര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്യും. കോഴിക്കോട്ടെ ഹോട്ടലുകളും വീട്ടമ്മമാരും ചേര്‍ന്നൊരുക്കുന്ന നാടന്‍ ഭക്ഷ്യമേളയില്‍ ഇരുപത്തിനാലോളം സ്റ്റാളുകളിലായി രുചികരമായ വിഭവങ്ങള്‍ അണിനിരക്കും. തനതു മലബാര്‍ വിഭവങ്ങളോടൊപ്പം ബേപ്പൂര്‍ സ്‌പെഷ്യല്‍ മത്സ്യവിഭവങ്ങളും ഇവിടെയൊരുങ്ങും. കുടുംബശ്രീയുടെയും ഉത്തരവാദിത്വ ടൂറിസത്തിന്റെയും ഒപ്പം പ്രദേശത്തെ ചെറുകിട സംരംഭകരുടെയും നേതൃത്വത്തില്‍ ഭക്ഷ്യവിഭവങ്ങള്‍ വിപണനം നടത്തുന്ന സ്റ്റാളുകളും മേളയില്‍ പ്രവര്‍ത്തിക്കും.

വൈകിട്ട് 4.30 ന് പ്രശസ്ത മാന്ത്രികന്‍ പ്രദീപ് ഹൂഡിനോയുടെ മാജിക് ഷോ അരങ്ങേറും. ‘അത്ഭുതങ്ങളുടെ സുല്‍ത്താന്‍’ എന്ന പരിപാടി വൈക്കം മുഹമ്മദ് ബഷീറിനുള്ള മാന്ത്രിക സമര്‍പ്പണം തന്നെയാകും. വൈകിട്ട് 6.30 ന് രാജശ്രീയുടെ നേതൃത്വത്തില്‍ പൂതപ്പാട്ടും ശേഷം സമീര്‍ ബിന്‍സിയും സംഘവും അവതരിപ്പിക്കുന്ന ഖവാലിയും അരങ്ങേറും. കലാ സാംസ്‌കാരിക സന്ധ്യയും, സാഹിത്യപരിപാടികളും, ഭക്ഷ്യമേളയും ഉണ്ടാകും.

 

Share

Leave a Reply

Your email address will not be published. Required fields are marked *