കോഴിക്കോട്: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി കോഴിക്കോട് കോര്‍പറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ 150ാം വാര്‍ഷികാഘോഷം നാലിന് തിങ്കള്‍ ഉച്ചയ്ക്ക് 2.30ന് ടാഗോര്‍ സെന്റിനറി ഹാളില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യുമെന്ന് മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമി ചെയര്‍മാന്‍ ഡോ: ഹുസൈന്‍ രണ്ടത്താണിയും സ്വാഗതസംഘം ചെയര്‍മാനും ഡെപ്യൂട്ടി മേയറുമായ മുസാഫര്‍ അഹമ്മദും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. ആമുഖ ഭാഷണം ഡോ: ഹുസൈന്‍ രണ്ടത്താണി നിര്‍വഹിക്കും. മേയര്‍ ബീന ഫിലിപ്പ്, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ ഹംസ, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് കെ.സി ശോഭിത, ബാപ്പു വെള്ളിപറമ്പ്, കാനേഷ് പുനൂര്‍, കെ.കെ അബ്ദുസലാം, സിബല്ല സദാനന്ദന്‍ ആശംസകള്‍ നേരും. തുടര്‍ന്ന് മോയിന്‍കുട്ടി വൈദ്യരുടെ പാട്ടുകളെ ആധാരമാക്കി പാട്ടിന്റെ വിഭവനങ്ങളും തുടര്‍സഞ്ചാരങ്ങളും എന്ന വിഷയത്തില്‍ രാജേന്ദ്രന്‍ എടത്തുംകര, റഫീഖ് ഇബ്രാഹിം, ഡോ: ഷംഷാദ് ഹുസൈന്‍, ഡോ: എം.സി അബ്ദുല്‍നാസര്‍ പ്രബന്ധങ്ങളവതരിപ്പിക്കും. കെ.ടി കുഞ്ഞിക്കണ്ണന്‍ മോഡറേറ്ററായിരിക്കും.
ഏഴ് മണിക്ക് ദൃശ്യാവിഷ്‌ക്കാരത്തോടെ നടക്കുന്ന ഇശലിമ്പം സംഗീത വിരുന്നില്‍ വിളയില്‍ ഫസീല, ആദില്‍ അത്തു, ഐ.പി സിദ്ദീഖ്, എം.എ ഗഫൂര്‍, ബെന്‍സീറ, അനാമിക, തന്‍ഹ എന്നിവര്‍ ഗാനങ്ങളാലപിക്കും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഡോ: അബ്ദുല്‍ ഹക്കീം, മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമി, സെക്രട്ടറി ഫൈസല്‍ എളേറ്റിലും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.