കോഴിക്കോട്: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്‌പോറ ഒഫ് മലപ്പുറം, ഖത്തര്‍ ഫിഫ 2022 വേള്‍ഡ് കപ്പിന്റെ പ്രചരണാര്‍ഥം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് നാലിന് തിങ്കളാഴ്ച വേള്‍ഡ് കപ്പ് ക്വിസ്, സ്‌പോര്‍ട് സിംപോസിയം, ഫുട്‌ബോള്‍ പ്രദര്‍ശന മത്സരം എന്നിവ യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിക്കുമെന്ന് ഡോം ഖത്തര്‍ പ്രസിഡന്റ് വി.സി മഷ്ഹൂദും യൂണിവേഴ്‌സിറ്റി കായിക വിഭാഗം മേധാവിയും ചീഫ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുമായ ഡോ.വി.പി സക്കീറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഖത്തര്‍ ആതിഥ്യമരുളുന്ന വേള്‍ഡ്കപ്പിന് പിറന്ന നാട്ടില്‍ പ്രചരണം നല്‍കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശം.
വേള്‍ഡ്കപ്പിന്റെ നാള്‍വഴികള്‍ വിവരിച്ചുക്കൊണ്ടും വേള്‍ഡ് കപ്പിനായി ഖത്തറില്‍ നിര്‍മിച്ചിട്ടുള്ള സ്റ്റേഡിയങ്ങള്‍ പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും. രാവിലെ 9:30ന് സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന വേര്‍ഡ്കപ്പ് ക്വിസ് മത്സരത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ കോളേജുകളിലേയും ഓരോ ടീമുകള്‍ പങ്കെടുക്കും. ക്വിസ് ഗ്രാന്‍ഡ്മാസ്റ്റര്‍ ജി.എസ് പ്രദീപ് നേതൃത്വം നല്‍കും. ഒന്നാം സമ്മാനമായി 52,022 രൂപയും രണ്ടാം സമ്മാനമായി 25022 രൂപയും മാന്നാം സമ്മാനമായി 12022 രൂപയും ക്യാഷ്‌പ്രൈസ് നല്‍കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന സ്‌പോര്‍ട്‌സ് സിംപോസിയത്തില്‍ ഖത്തറിലെയും ഇന്ത്യയിലെയും പ്രഗല്‍ഭര്‍ പങ്കെടുക്കും. തുടര്‍ന്ന് സംസ്ഥാനത്തെ പ്രഗല്‍ഭരായ സീനിയര്‍ ഫുട്‌ബോള്‍ താരങ്ങള്‍ അണിനിരക്കുന്ന ഫുട്‌ബോള്‍ പ്രദര്‍ശന മത്സരം നടക്കും.
പരിപാടിയില്‍ പങ്കെടുക്കുന്ന കോളേജുകളില്‍നിന്നും ക്ലാസുകളില്‍നിന്നും വ്യക്തികളില്‍നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഖത്തറിലെ വേള്‍ഡ്കപ്പ് ഫുട്‌ബോള്‍ ഓള്‍ഗനൈസിങ് കമ്മിറ്റിയായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലഗസി നല്‍കുന്ന ലോകകപ്പ് ലോഗോ ആലേഖനം ചെയ്ത ഫുട്‌ബോള്‍ സമ്മാനിക്കും. അന്നം നല്‍കുന്ന നാടിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും മഹത്തായ സംഭാവനയാണ് വേള്‍ഡ്കപ്പ് പ്രചരണത്തിനായി നടത്തുന്ന ഈ പരിപാടിയെന്ന് വി.സി മഷ്ഹൂദ് കൂട്ടിച്ചേര്‍ത്തു. പരിപാടിയുടെ പ്രയോജകരായി ഖത്തറിലെ പ്രമുഖ കഫ്റ്റീരിയ നെറ്റ്‌വര്‍ക്ക് ടീ ടൈം പരിപാടിയുടെ ഭാഗമാകും. ഡോം ഖത്തര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ്, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയര്‍മാന്‍ കമാല്‍ വരദൂര്‍, പ്രോഗ്രാം മീഡിയ കോ-ഓര്‍ഡിനേറ്റര്‍ വൃന്ദ കെ. നായര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.