കണ്ണൂര്‍: എഡിഎം നവീന്‍ ബാബു തൂങ്ങി മരിച്ചതില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്ക്കു നേരെ രൂക്ഷ വിമര്‍ശനവുമായി സൈബര്‍ ലോകം. യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെ അവിടെ കയറിച്ചെന്ന് ഉദ്യോഗസ്ഥനെ ഇത്രയധികം അപമാനിച്ച് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച ഇവര്‍ കേരളത്തിന് അപമാനം, പൊതു രാഷ്ട്രീയ രംഗത്തിന് അപമാനം, സിപിഎം എന്ന പാര്‍ട്ടിക്ക് അപമാനം, നവീന്‍ ബാബുവിന്റെ ചോരയുടെ മണം ജീവിതകാലം മുഴുവനും നിങ്ങളെ പിന്തുടരട്ടെ.., ”നിങ്ങള്‍ക്ക് ഇപ്പോള്‍ സമാധാനം ആയല്ലോ അല്ലേ? നിങ്ങള്‍ക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അത് ഒഫിഷ്യല്‍ ആയി അധികാരികളെ അറിയിക്കണം തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റുകള്‍ക്ക് താഴെ വന്നിരിക്കുന്നത്.
കണ്ണൂര്‍ പള്ളിക്കുന്നിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ചനിലയിലാണ് എഡിഎംനവീന്‍ ബാബുവിനെ കണ്ടെത്തിയത്. കണ്ണൂര്‍ കലക്ടറേറ്റില്‍ നടന്ന യാത്രയയപ്പു ദിനത്തില്‍ നവീനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യഅഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് സംഭവം. എഡിഎം ന്റെ ചെയ്തികള്‍ ശരിയായ രീതിയിലല്ല എന്ന ധ്വനിയാണ് ദിവ്യയുടെ പ്രസംഗത്തിലുണ്ടായിരുന്നത്. താന്‍ ശുപാര്‍ശ ചെയ്തിട്ട് നടക്കാത്ത കാര്യം മറ്റൊരാളുടെ ശുപാര്‍ശയില്‍ നടന്നതിലെ നീരസമാണ് ജില്ലാ പ്രസിഡണ്ടിന്റെ വിമര്‍ശനത്തിന് കാരണം.കണ്ണൂരില്‍നിന്നു സ്ഥലംമാറ്റം ലഭിച്ച് സ്വദേശമായ പത്തനംതിട്ടയില്‍ അടുത്ത ദിവസം ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു നവീന്‍.
യാത്രയയപ്പ് യോഗത്തിനു ശേഷം ഔദ്യോഗിക വാഹനത്തില്‍ താമസസ്ഥലത്തേക്കു തിരിച്ച എഡിഎം വഴിയില്‍ വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ട്, ഇറങ്ങിയെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. വിരമിക്കാന്‍ ഏഴ് മാസം മാത്രം ബാക്കി നില്‍ക്കെ സര്‍വ്വീസിന്റെ ശേഷിക്കുന്ന നാളുകള്‍ കൂടുംബത്തിനൊപ്പം കഴിയാന്‍ ആഗ്രഹിച്ചാണ് നവീന്‍ നാട്ടിലേക്ക് സ്ഥലം മാറ്റം ചോദിച്ചു വാങ്ങിയത്.ഇന്നു പുലര്‍ച്ചെ പത്തനംതിട്ടയില്‍ എത്തേണ്ട നവീന്‍ ബാബുവിനെ കാത്ത് ബന്ധുക്കള്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ട്രെയിന്‍ എത്തിയിട്ടും നവീന്‍ ബാബു ഇറങ്ങാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണു കണ്ണൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.