കോഴിക്കോട്: ഗായികയും അഭിനേത്രിയുമായ മച്ചാട്ട് വാസന്തി (81) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങള തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.പച്ചപ്പനംതത്തേ പുന്നാര പൂമുത്തേ, പുന്നെല്ലിന്‍ പൊന്‍കതിരേ…’ എന്നതുള്‍പ്പെടെ മലയാളികളുടെ മനസ്സില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന ഒട്ടേറെ പാട്ടുകളാണു വാസന്തി അനശ്വരമാക്കിയത്.
കണ്ണൂര്‍ കക്കാടില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനും വിപ്ലവ ഗായകനും റേഡിയോ ആര്‍ട്ടിസ്റ്റുമായ മച്ചാട് കൃഷ്ണന്റെയും കല്യാണിയുടെയും മകളായാണു ജനനം. കണ്ണൂരില്‍ നടന്ന കിസാന്‍സഭാ സമ്മേളന വേദിയിലാണു കുഞ്ഞു വാസന്തി ആദ്യമായി പാടിയത്. ഇ.കെ.നായനാരാണു കുട്ടിയെ വേദിയിലെത്തിക്കാന്‍ നിര്‍ദേശിച്ചത്. 9 വയസ്സുള്ള വാസന്തിയെ നായനാര്‍ വേദിയിലേക്ക് എടുത്തുകയറ്റുകയായിരുന്നു. വാസന്തിയുടെ പാട്ട് അച്ഛന്റെ കൂട്ടുകാരനായിരുന്ന എം.എസ്.ബാബുരാജിനും ഇഷ്ടമായി. കല്ലായിയില്‍ ബാബുരാജിന്റെ താമസസ്ഥലത്ത് ദിവസവും രാവിലെയെത്തി വാസന്തി സംഗീതം അഭ്യസിച്ചു. ബാബുരാജ് ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ച തിരമാല എന്ന ചിത്രത്തില്‍ ആദ്യഗാനം പാടി. എന്നാല്‍, സിനിമ പുറത്തിറങ്ങിയില്ല.തുടര്‍ന്നു രാമു കാര്യാട്ടിന്റെ മിന്നാമിനുങ്ങ് എന്ന സിനമയിലും വാസന്തി പാടി.നാടകത്തിലും സിനിമയിലും ആകാശവാണിയിലുമായി പതിനായിരത്തിലേറെ ഗാനങ്ങള്‍ക്കാണു പിന്നീട് വാസന്തി ശബ്ദം നല്‍കിയത്. പാട്ടു മാത്രമല്ല നെല്ലിക്കോട് ഭാസ്‌കരന്റെ തിളയ്ക്കുന്ന കടല്‍, ദേശപോഷിണിയുടെ ഈഡിപ്പസ്, ബഹദൂര്‍ സംവിധാനം ചെയ്ത വല്ലാത്ത പഹയന്‍, പി.ജെ.ആന്റണിയുടെ ഉഴുവുചാല്‍, കുതിരവട്ടം പപ്പുവിനൊപ്പം രാജാ തിയറ്റേഴ്‌സിന്റെ കറുത്ത പെണ്ണ്, കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, തിക്കോടിയന്റെ നാടകങ്ങള്‍ എന്നിവയില്‍ വാസന്തി അഭിനേത്രിയും ഗായികയുമായി.
ഓളവും തീരവും സിനിമയില്‍ ബാബുരാജിന്റെ സംഗീതത്തില്‍ കെ.ജെ.യേശുദാസിനൊപ്പം പാടിയ ‘മണിമാരന്‍ തന്നത് പണമല്ല പൊന്നല്ലാ..മധുരക്കിനാവിന്റെ കരിമ്പുതോട്ടം..’ എന്ന പാട്ട് മച്ചാട്ട് വാസന്തിയെ ജനകീയയാക്കി. പ്രൊജക്ടര്‍ ഓപ്പറേറ്ററായിരുന്ന ബാലകൃഷ്ണനുമായുള്ള വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് തല്‍ക്കാലം പിന്മാറി.
ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു