കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡില്‍ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ അതിജീവിതയുടെ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.മെമ്മറി കാര്‍ഡ് അനധികൃത പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടോ എന്ന അന്വേഷണം വസ്തുതാപരമല്ലെന്ന് ചൂണ്ടിക്കാട്ടി അതീജീവിത നല്‍കിയ ഉപഹര്‍ജിയിലാണ് വിധി. എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
ഐജി റാങ്കില്‍ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. മെമ്മറി കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന അതിജീവിതയുടെ പരാതിയില്‍ നേരത്തെ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന്, മൂന്നു തവണ മെമ്മറി കാര്‍ഡ് പരിശോധിച്ചിട്ടുണ്ടന്നും ഇതിന്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ടെന്നുമുള്ള റിപ്പോര്‍ട്ട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കോടതിയില്‍ സമര്‍പ്പിച്ചു. മെമ്മറി കാര്‍ഡിലുള്ളത് തന്റെ സ്വകാര്യ ദൃശ്യങ്ങളാണ്. അത് പുറത്ത് വരുന്നതില്‍ ആശങ്കയുണ്ടെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഹാഷ് വാല്യു മാറിയത് എങ്ങനെയെന്ന് കണ്ടെത്തണം. വിചാരണക്കോടതി നടത്തിയ അന്വേഷണം തൃപ്തികരമല്ല എന്നും അതിജീവിത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.