രാജ്യാന്തര സഹകരണസമ്മേളനം 15 മുതല്‍ 18വരെ

രാജ്യാന്തര സഹകരണസമ്മേളനം 15 മുതല്‍ 18വരെ

20 രാജ്യങ്ങളിലെ പ്രതിനിധികള്‍, സമ്മേളനം ദക്ഷിണേന്‍ഡ്യയില്‍ ആദ്യം,
അതിഥേയര്‍ ശതാബ്ദി ആഘോഷിക്കുന്ന ഊരാളുങ്കല്‍ സൊസൈറ്റി

കോഴിക്കോട്ട്:അടുത്ത വ്യവസായയുഗത്തില്‍ സഹകരണപ്രസ്ഥാനത്തിന്റെ ആഗോളസാദ്ധ്യതകള്‍ ആരായാനുള്ള അന്താരാഷ്ട്രസമ്മേളനം കോഴിക്കോട്ട്. ദക്ഷിണേന്ത്യയില്‍ ആദ്യമായി നടക്കുന്ന സമ്മേളനത്തിനാണ് കോഴിക്കോട് വേദിയാകുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഊഴമനുസരിച്ച് സമ്മേളനത്തിന്റെ ആതിഥേയത്വം ഇന്ത്യക്കായിരുന്നില്ല. ഊരാളുങ്കല്‍ സൊസൈറ്റിയുടെ ശതാബ്ദി പ്രമാണിച്ച് അത് ഇന്ത്യയ്ക്ക് അനുവദിക്കുകയായിരുന്നു.ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഒരുവര്‍ഷം നീളുന്ന ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായാണ് സമ്മേളനമെന്ന് ഊരാളുങ്കല്‍ സൊസൈറ്റി എംഡി എസ്. ഷാജുപറഞ്ഞു.
അടുത്ത വ്യവസായയുഗത്തില്‍ സംസ്ഥാനത്തെ സഹകരണമേഖലയുടെ സാദ്ധ്യതകളും പങ്കും ചര്‍ച്ച ചെയ്യുന്ന രാജ്യാന്തര സെമിനാറോടെയാണ് സഹകരണസമ്മേളനത്തിനു തുടക്കം. ഒക്‌റ്റോബര്‍ 15-ന് കോഴിക്കോട് യുഎല്‍ സൈബര്‍പാര്‍ക്കിലാണ് നടക്കുന്നത്. വൈകിട്ട് നാലുദിവസത്തെ രാജ്യാന്തരസമ്മേളനത്തിന്റെ ഉദ്ഘാടനം നടക്കും.മന്ത്രി മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷത വഹിക്കും. സഹകരണ, തുറമുഖമന്ത്രി വി. എന്‍. വാസവന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഒക്‌റ്റോബര്‍ 16, 17, 18 തീയതികളില്‍ കോഴിക്കോട് ഐഐഎമ്മില്‍ സഹകരണപ്രസ്ഥാനങ്ങളുടെ അന്താരാഷ്ട്രസംഘടനയായ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സിന്റെ ഏഷ്യ- പസഫിക് ഗവേഷണസമ്മേളനം നടക്കും. കമ്മിറ്റി ഓണ്‍ കോ-ഓപ്പറേറ്റീവ് റിസേര്‍ച്ചി(സിസിആര്‍)ന്റെ പ്രബന്ധങ്ങളുടെ അവതരണം, സഹകരണരംഗത്തെ നവസംരംഭകര്‍ക്കും നൂതനാശയക്കാര്‍ക്കും ഗവേഷകര്‍ക്കും മറ്റുമുള്ള ശില്പശാലകള്‍(Young Scholars and Early Career Researchers Workshop), വട്ടമേശസമ്മേളനങ്ങള്‍,നൂതനാശയങ്ങള്‍ അവതരിപ്പിക്കുന്ന മത്സരമായ കോ-ഓപ്പറേറ്റീവ് പിച്ച് 2024 (Coop Pitch 2024) എന്നിവ ഐസിഎ സമ്മേളനത്തില്‍ നടക്കുമെന്ന് സൊസൈറ്റി ചീഫ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ടി. കെ. കിഷോര്‍ കുമാര്‍ പറഞ്ഞു.
20-ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ഐസിഎ ഏഷ്യ പസഫിക്‌സംരംഭവികസനവിഭാഗം കാര്‍ഷിക വിഭാഗം സെക്രട്ടറിയുമായ ഗണേഷ് ഗോപാല്‍ അറിയിച്ചു. ലോകത്തെ പ്രമുഖ സഹകരണപ്രസ്ഥാനമായ സ്‌പെയിനിലെ മോന്ദ്രാഗണ്‍ കോ-ഓപ്പറേറ്റീവില്‍നിന്ന് അന്താരാഷ്ട്ര വിഭാഗം തലവന്‍ മീക്കെല്‍ ലെസാമിസ്, ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ കോര്‍പ്പറേഷനലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹിറോഫുമി കൊബയാശി, നെതര്‍ലന്‍ഡ്‌സിലെ അഗ്രിടെറ അഗ്രീഗ്രേഡ് ഡയറക്ടര്‍ സീസ് വാന്‍ റീജ് എന്നിവരും ഐസിഎ ഏഷ്യ-പസഫിക് ഭാരവാഹികളും മറ്റ് രാജ്യങ്ങളിലെ സഹകരണസംഘം പ്രതിനിധികളും അക്കാദമിക വിദഗ്ധരും നയതന്ത്രജ്ഞരും എത്തിച്ചേരും.
സഹകരണമേഖലയ്ക്കു നിര്‍ണ്ണായകപങ്കുള്ള ഒരു ലോകക്രമം സമ്മേളനം മുന്നോട്ടുവയ്ക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. കേരളത്തിലെ സഹകരണപ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ അന്താരാഷ്ട്രമാതൃകകള്‍ കണ്ടെത്താനും പരിചയപ്പെടാനും അന്താരാഷ്ട്രസ്ഥാപനങ്ങളുമായുള്ള സഹകരണത്തിന്റെ സാധ്യതകള്‍ ആരായാനും സമ്മേളനം അവസരമാകും. ആദ്യ ദിവസത്തെ രാജ്യാന്തര സെമിനാര്‍ ഈ ലക്ഷ്യംവച്ചാണ സംഘടിപ്പിക്കുന്നത്്.ഇത്തരം സെഷനുകള്‍ ഐസിഎ സമ്മേളനത്തിലും നടക്കും.
വൈവിധ്യവത്കരണത്തിലും ആധുനിക വത്കരണത്തിലും കാര്‍ഷികമേഖലയിലും ഡിജിറ്റൈസേഷനിലും അന്താരാഷ്ട്രസഹകരണ സംഘങ്ങള്‍ സൃഷ്ടിച്ച പ്രവര്‍ത്തന മാതൃകകള്‍ക്കു കേരളത്തിലുള്ള പ്രയോഗ സാധ്യത സെമിനാര്‍ ചര്‍ച്ച ചെയ്യും. സംസ്ഥാനത്തെ പ്രമുഖ സഹകാരികളും സാങ്കേതിക, അക്കാദമിക, വികസന വിദഗ്ദ്ധാരും നയാവിഷ്‌ക്കര്‍ത്താക്കളും പരിപാടികളില്‍ പങ്കെടുക്കും.വാര്‍ത്താസമ്മേളനത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റി എംഡി എസ്. ഷാജു,സൊസൈറ്റി ചീഫ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ടി. കെ. കിഷോര്‍ കുമാര്‍,ഐസിഎ ഏഷ്യ പസഫിക്‌സംരംഭവികസനവിഭാഗം കാര്‍ഷിക വിഭാഗം സെക്രട്ടറിയുമായ ഗണേഷ് ഗോപാല്‍, യുഎല്‍സിസി പിആര്‍ഒ മനോജ് പുതിയ വിള എന്നിവരും പങ്കെടുത്തു.

 

 

രാജ്യാന്തര സഹകരണസമ്മേളനം 15 മുതല്‍ 18വരെ

Share

Leave a Reply

Your email address will not be published. Required fields are marked *