കോഴിക്കോട്: മുണ്ടക്കൈയിലെയും, വിലങ്ങാട്ടെയും ദുരിത ബാധിതരെ സഹായിക്കാന്‍ ഗായകന്‍ ഷാഫി കൊല്ലത്തിന്റെ നേതൃത്വത്തില്‍ ‘ഷാഫിക്ക സ്‌നേഹ വീട്’ എന്ന നാമധേയത്തിലുള്ള ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള പാട്ടുവണ്ടി ഇന്ന് പൊന്നാനിയില്‍ നിന്നാരംഭിക്കും. വിവിധ ജില്ലകളിലെ കലാ പ്രവര്‍ത്തകരെയും സന്നദ്ധ സേവകരെയും അണിനിരത്തിക്കൊണ്ടാണ് ധന സമാഹരണ യാത്ര നടത്തുന്നത്. മലപ്പുറം ജില്ലയില്‍ രണ്ട് ദിവസവും വയനാട് ഒഴികെയുള്ള മറ്റ്12 ജില്ലകളില്‍ ഓരോ ദിവസവുമാണ് പര്യടനം നടത്തുന്നത്. 10ന് കോഴിക്കോട്ട് പാട്ടു വണ്ടിയെത്തും. വൈകിട്ട് ബീച്ചില്‍ നടക്കുന്ന പ്രോഗ്രാമില്‍ ലഭിക്കുന്ന തുകയുടെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. മുണ്ടക്കൈ ദുരന്തമുണ്ടായ സമയത്ത് സ്ഥലം സന്ദര്‍ശിക്കുകയും, രണ്ട് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതാണെന്ന് ഷാഫി പറഞ്ഞു. വീട് നിര്‍മ്മിക്കാനാവശ്യമായ ഭൂമി ഒരു സുമനസ് നല്‍കിയിട്ടുണ്ട്. വീടിന്റെ കുറ്റിയടിയും കഴിഞ്ഞിട്ടുണ്ട്. പാട്ട് വണ്ടിയിലൂടെ ലഭിക്കുന്ന തുക കൊണ്ട് വീട് നിര്‍മ്മാണം നടത്തും. തുടര്‍ന്ന് വിലങ്ങാട്ടെ ദുരന്ത ബാധിതര്‍ക്കും സഹായം നല്‍കുമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ഷംസു വെള്ളിപറമ്പ്, മുജീബ് കല്ലായി പാലം, ഫസല്‍ വെള്ളായിക്കോട്, റഷീദ് നാസ്, റഹനീഷ് കാലിക്കറ്റ് എന്നിവരും പങ്കെടുത്തു.