നായകന്‍ മീണ്ടും വരാര്‍….. എട്ട് ദിക്കും ഭയന്താരേ….. അതേ നാലാം ഊഴവും അവിസ്മരണീയമാക്കി ശശി തരൂര്‍. ക്രിക്കറ്റ് പ്രേമിയായ തരൂരിന്റെ തിരുവനന്തപുരത്തെ ഇത്തവണത്തെ മത്സരം ഒരു ടി20 ക്രിക്കറ്റിന്റെ അവസാന ഓവറിലെ അവസാന പന്തിലെ ആ സസ്‌പെന്‍സ് പോലെ തന്നെ ഉദ്വേഗം നിറഞ്ഞതായിരുന്നു. തപാല്‍ വോട്ടുകളില്‍ ചെറിയ ഭൂരിപക്ഷം നിലനിര്‍ത്തി ആരംഭിച്ച തരൂരിന് തുടക്കത്തില്‍ തന്നെ എന്‍ഡിഎയുടെ രാജീവ് ചന്ദ്രശേഖര്‍ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ആദ്യഘട്ട വോട്ടെണ്ണലില്‍ വ്യക്തമായ ഭൂരിപക്ഷം നേടിയ ചന്ദ്രശേഖര്‍ തൃശൂരിന് പുറമേ തിരുവനന്തപുരത്തും ബിജെപിക്ക് അക്കൗണ്ട് തുറക്കുമെന്ന് തോന്നിപ്പിച്ചു. ഒരു ഘട്ടത്തില്‍ 13635 വോട്ടിന്റെ ലീഡുണ്ടായിരുന്നു ചന്ദ്രശേഖറിന്. എന്നാല്‍ മത്സരം അവിടംകൊണ്ട് തീരുന്നതായിരുന്നില്ല. തുടങ്ങുകയായിരുന്നു. ‘പിച്ചര്‍ അഭി ബാക്കി ഹേ മേരേ ദോസ്ത്’. തരൂരിന്റെ കളികള്‍ ചന്ദ്രശേഖര്‍ കാണാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. അവസാനഘട്ടത്തില്‍ തീരമേഖലയില്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോഴാണ് തരൂര്‍ വീണ്ടും ട്രാക്കിലേക്കെത്തിയത്. പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. തീരദേശ ജനതയുടെ വിശ്വാസം വിശ്വപൗരന് നാലാമത്തെ വിജയത്തിന് വഴിയൊരുക്കി. 16000ത്തിനടത്തു വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹം നേടിയത്. ചന്ദ്രശേഖറുമായി കനത്ത മത്സരമായിരുന്നെങ്കിലും എല്‍ഡിഎഫിന്റെ പന്ന്യന്‍ രവീന്ദ്രന്‍ ഒരുഘട്ടത്തില്‍ പോലും വെല്ലുവിളി ഉയര്‍ത്തിയില്ലായെന്നതും ശ്രദ്ധേയമാണ്.
2009 മുതലാണ് തരൂര്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തുടങ്ങിയത്. 15ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്റെ കന്നിയങ്കത്തില്‍ 3,26725 വോട്ടാണ് അദ്ദേഹം നേടിയത്. വിജയം 99,998 വോട്ടിന്. 2014ല്‍ വീണ്ടും മത്സരിച്ചപ്പോള്‍ ലീഡ് നില 15470 ആയി കുറഞ്ഞെങ്കിലും തിരുവനന്തപുരം കൈവെള്ളയില്‍ത്തന്നെ നിന്നു. 2019ല്‍ ലീഡ് നില വീണ്ടും ഉയര്‍ത്തി. 99,989 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചു കയറിയത്. നാലാം ഊഴത്തിലും കോണ്‍ഗ്രസിന്റെ പ്രതീക്ഷ തരൂര്‍ കൈവിട്ടില്ല. ഇത്തവണയും കൈ ഉയര്‍ന്നു തന്നെ നിന്നു. തരൂര്‍ നിങ്ങള്‍ മാസാണ്. വെറും മാസല്ല, കൊലമാസ്…….