യുദ്ധത്തിൽ ഇസ്രയേലിന് യുഎസ് പിന്തുണ

യുദ്ധത്തിൽ ഇസ്രയേലിന് യുഎസ് പിന്തുണ

രണ്ട് ദിവസമായി തുടരുന്ന പലസ്തീൻ- ഇസ്രായേൽ സംഘർഷത്തിൽ ഇസ്രയേലിനെ പിന്തുണക്കാൻ സൈനിക കപ്പലുകളും വിമാനങ്ങളും അയച്ച് അമേരിക്ക. ഇസ്രയേലിനായി സൈനിക സഹായം വർധിപ്പിക്കുമെന്നും യുദ്ധോപകരണങ്ങൾ നൽകുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. എന്നാൽ അമേരിക്കയുടെ നടപടി പലസ്തീനികൾക്കെതിരായ ആക്രമണമാണെന്ന് ഹമാസ് ചൂണ്ടിക്കാട്ടി. ഇസ്രായേൽ നടത്തുന്ന അധിനിവേശത്തിൽ അമേരിക്ക പങ്കാളികളാവുന്നു എന്നും ഹമാസിന്റെ പ്രസ്താവനയിൽ ആരോപിക്കുന്നു. സംഘർഷത്തിൽ മരണം ആയിരം കടന്നതായാണ് റിപ്പോർട്ടുകൾ.

എന്നാൽ ഹമാസിന്റെ ഏറ്റവും പുതിയ ആക്രമണം ഇസ്രയേലും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന് തടസ്സമാകുമെന്ന് യുഎസ് വിശ്വസിക്കുന്നതായി ഓസ്റ്റിൻ പറഞ്ഞു.

ഇസ്രായേലിനുള്ള സുരക്ഷാ സഹായം നൽകി തുടങ്ങിയെന്നും യുഎസ് യുദ്ധവിമാനങ്ങൾ സംഘർഷ മേഖലയിലേക്ക് എത്തുമെന്നും ഓസ്റ്റിൻ പറഞ്ഞു. കിഴക്കൻ മെഡിറ്ററേനിയനിലേക്ക് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡും അതിനോടൊപ്പമുള്ള യുദ്ധക്കപ്പലുകളും അയയ്ക്കുകയാണെന്നും ഈ മേഖലയിൽ യുദ്ധവിമാന സ്‌ക്വാഡ്രണുകൾ വർധിപ്പിക്കുകയാണെന്നും പെന്റഗൺ അറിയിച്ചു.

ഫോർഡ് കാരിയറും അതിനെ പിന്തുണയ്ക്കുന്ന കപ്പലുകളും ഉൾപ്പെടുന്ന ഒരു കാരിയർ സ്‌ട്രൈക്ക് ഗ്രൂപ്പിനെ ഇസ്രായേലിന് നൽകാനാണ് യുഎസ് ഉത്തരവിട്ടിരിക്കുന്നത്. അതേസമയം ഇസ്രായേലിലെ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ അമേരിക്കൻ പൗരന്മാരുമുണ്ടെന്ന് യുഎസ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട അമേരിക്കക്കാരുടെ എണ്ണമോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല.

ഇസ്രായേൽ സൈന്യത്തിന് കൂടുതൽ സഹായം നൽകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് പറഞ്ഞിരുന്നു. ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ താല്പര്യമുള്ള രാജ്യങ്ങളുടെ തുടർ നടപടികളെ ഹമാസ് ആക്രമണം തടസപ്പെടുത്തയെന്ന്് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം, യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായി കൂടിക്കാഴ്ച നടത്തി.

വെസ്റ്റ് ബാങ്ക്, ജറുസലേം, ഇസ്രായേൽ ജയിലുകൾ എന്നിവിടങ്ങളിൽ ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ വർധിച്ചതാണ് തങ്ങളുടെ ആക്രമണത്തിന് പിന്നിലെന്ന് ഹമാസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *