കോഴിക്കോട്: വടക്കേ മലബാറിൽ ഗുരു വാഗ്ഭടാനന്ദന്റെ നേതൃത്വത്തിൽ നടന്നുവന്ന നവോത്ഥാന മുന്നേറ്റത്തിന്റെ ഭാഗമായി 1925 ഫെബ്രുവരി 13ന് പിറവിയെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദി ആഘോഷത്തിന്റെ സംഘാടക സമിതി യോഗം 15ന് ഞായർ വൈകിട്ട് 3 മണിക്ക് മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ നടക്കും. 2024 ഫെബ്രുവരി 13ന് ആരംഭിച്ച് ഒരു വർഷക്കാലമാണ് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത്. സൊസൈറ്റിയുടെ ഭാവി സംബന്ധിച്ച് ദീർഘകാല പരിപ്രേക്ഷ്യം രൂപപ്പെടുത്തിയെടുക്കുന്നതോടൊപ്പം അന്താരാഷ്ട്ര സഹകരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനുള്ള ചർച്ചകളും, തീരുമാനങ്ങളും ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഉയർന്നു വരുമെന്ന് പ്രതീക്ഷിക്കുന്നതായി ചെയർമാൻ രമേശൻ പാലേരിയും മാനേജിംഗ് ഡയരക്ടർ ഷാജു എസും പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സഹകരണ സ്ഥാപനമായി മാറിയ യുഎൽസിസി നിർമ്മാണ രംഗത്തോടൊപ്പം ഐടി, ഐടി അടിസ്ഥാന സൗകര്യം,
നൈപുണ്യ വികസനം, ടൂറിസം, കരകൗശലം, പാർപ്പിടം, വിദ്യാഭ്യാസം, സാമൂഹികക്ഷേമം, പ്രൊജക്ട് കൺസൾട്ടൻസി, കൃഷി എന്നീ മേഖലകളിലെല്ലാം സജീവ സാന്നിധ്യമാണ്. സംഘത്തിൽ പതിനെട്ടായിരത്തോളം പേർക്ക് തൊഴിലും, അവരുടെ കുടുംബങ്ങൾക്ക് അന്തസുറ്റ ജീവിത നിലവാരവും ഉറപ്പുവരുത്താൻ സൊസൈറ്റിക്കായിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെയടക്കം അംഗീകാരം നേടിനേടിയ യുഎൽസിസിയുടെ ശതാബ്ദിയാഘോഷം ചരിത്ര സംഭവമാക്കി മാറ്റിയെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതിനുള്ള സംഘാടക സമിതിയുടെ രൂപീകരണം വൻ വിജയമാക്കണമെന്ന് രമേശൻ പാലേരി അഭ്യർത്ഥിച്ചു.