കോട്ടക്കൽ: കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ 60-ാമത് ആയൂർവേദ സെമിനാർ ഒക്ടോബർ 15ന് തൃശ്ശൂർ നന്ദനം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സെമിനാറിന്റെ വജ്ര ജൂബിലി വർഷമായ 2023 മുതൽ ASK (ആയൂർവേദ സെമിനാർ കോട്ടയ്ക്കൽ) എന്ന പേരിലായിരിക്കും സെമിനാർ അറിയപ്പെടുക. ‘ക്ലിനിക്കൽ പ്രാക്ടീസ് ഓഫ് ഡെർമറ്റോളജി’ എന്ന വിഷയത്തെ അധികരിച്ച് സെമിനാർ നടക്കും. കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം നിർവ്വഹിക്കും. ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ.പി.എം.വാരിയർ അധ്യക്ഷത വഹിക്കും. തൃശ്ശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡെർമറ്റോളജി വിഭാഗം മേധാവി ഡോ.എസ്.ക്രൈറ്റൻ വിഷയം അവതരിപ്പിക്കും. ത്വക്‌രോഗങ്ങളിലെ ശമന ചികിത്സാ സംബന്ധിച്ച് ഡോ.പി.എം.മധു (അസി.പ്രൊഫ, ഗവ.ആയൂർവേദ കോളേജ്, കണ്ണൂർ) സംസാരിക്കും. ഇതേ രോഗങ്ങളിലെ ശോധന ചികിത്സാ സമീപനങ്ങളെക്കുറിച്ച് ഡോ.കെ.മഹേഷ് (സീനിയർ മെഡിക്കൽ ഓഫീസർ, ക്ലിനിക്കൽ റിസർച്ച് വിഭാഗം, ആര്യവൈദ്യശാല കോട്ടയ്ക്കൽ) പ്രബന്ധം അവതരിപ്പിക്കും. ഡോ.സി.എം.ശ്രീകൃഷ്ണൻ (റിട്ട.പ്രൊഫ.വി.പി.എസ്.വി ആയൂർവേദ കോളേജ്, കോട്ടയ്ക്കൽ) സെമിനാറിന്റെ മോഡറേറ്ററായിരിക്കും.
സെമിനാറിനോടനുബന്ധിച്ച് സഫലമീ വൈദ്യ ജീവിതം (ഡോ.എം.ആർ.വാസുദേവൻ നമ്പൂതിരി), ഇൻസുലിൻ പ്രതിരോധം – ഒരു ആയൂർവേദ സമീപനം (ഡോ.ശ്രീജിത്ത് ജി), ഇൻസുലിൻ റെസിസ്റ്റൻസ് ആൻ ആയൂർവേദിക് അപ്രോച്ച് (ഡോ.പ്രവീൺ ബാലകൃഷ്ണൻ) എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടക്കും. കേരള ആരോഗ്യ സർവകലാശാല രജിസ്ട്രാർ ഡോ.എം.കെ.മനോജ് കുമാർ, തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർ (ഐ.എസ്.എം) ഡോ.സലജകുമാരി എന്നിവരുടെ സാന്നിധ്യത്തിലാണ് പുസ്തക പ്രകാശനം നടക്കുക.
ആയൂർവേദ വിദ്യാർത്ഥികൾക്ക് വർഷംതോറും ആര്യവൈദ്യശാല നൽകിവരുന്ന വൈദ്യരത്‌നം പി.എസ്.വാരിയർ അഖിലേന്ത്യാ ആയൂർവേദ പ്രബന്ധ മത്സരത്തിനുള്ള അവാർഡ്, ആര്യവൈദ്യൻ പി.മാധവ വാരിയർ ഗോൾഡ് മെഡൽ, ആര്യവൈദ്യൻ എസ്.വാരിയർ എൻഡോവ്‌മെന്റ് അവാർഡ്, ആര്യവൈദ്യൻ എൻ.വി.കെ വാരിയർ ആന്റ് ആര്യവൈദ്യൻ മാധവിക്കുട്ടി എൻഡോവ്‌മെന്റ് പ്രൈസ്, മാലതി, എം.കെ.ദേവിദാസ് വാരിയർ എന്നിവരുടെ പേരിൽ നൽകുന്ന ജ്ഞാന ജ്യോതി അവാർഡ് എന്നിവ കൂടാതെ സെമിനാറിന്റെ ഭാഗമായി ആയൂർവേദ വിദ്യാർത്ഥികൾക്കായി നടത്തുന്ന ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും, ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ.പി.എം.വാരിയർ സെമിനാർ വേദിയിൽവെച്ച് വിതരണം ചെയ്യും.
സെമിനാറിൽ ആര്യവൈദ്യശാല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ.ജി.സി.ഗോപാലപിള്ള സ്വാഗതവും തൃശ്ശൂർ ബ്രാഞ്ച്് മാനേജരും ചീഫ് മെഡിക്കൽ ഓഫീസറുമായ ഡോ.കെ.വി.സുരേഷ് നന്ദിയും പറയും.