കോഴിക്കോട്: അബ്ദുന്നാസർ മഅ്ദനി നേതൃത്വം നൽകുന്ന അൻവാർശേരി ജാമിഅ:അൻവാർ സ്ഥാപനങ്ങളുടെ 36-ാമത് വാർഷിക-സനദ് ദാന സമ്മേളനത്തിന് 11 ബുധനാഴ്ച തുടക്കം കുറിക്കും. 11ന് രാവിലെ അൻവാർ സ്ഥാപക പ്രസിഡണ്ട് അബ്ദുസ്സമദ് മാസ്റ്റർ പതാക ഉയർത്തും. വൈകിട്ട് 7ന് രിസാലത്തുന്നബി സമ്മേളനം കാന്തപുരം ഡോ.അബ്ദുൽ ഹക്കീം അസ്ഹരി ഉദ്ഘാടനം ചെയ്യും. മത-രാഷ്ട്രീയ-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. 11 മുതൽ 14 വരെ ദിവസങ്ങളിൽ നടക്കുന്ന പ്രവാചകാനുരാഗ സദസ്സുകളിൽ പ്രമുഖ പ്രഭാഷകർ നേതൃത്വം നൽകും.
15ന് രാവിലെ 10 മണിക്ക് അറിവും മാനവികതയും എന്ന പ്രമേയത്തിൽ നടക്കുന്ന വിദ്യാർത്ഥി യുവജന സമ്മേളനം ഗ്രാൻഡ് മാസ്റ്റർ ഡോ.ജി.എസ്.പ്രദീപ് ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥി യുവജന സംഘടനാ നേതാക്കൾ സംബന്ധിക്കും.
2.30ന് നടക്കുന്ന മനുഷ്യാവകാശ സംഗമത്തിൽ മന്ത്രിമാർ, ജനപ്രതിനിധികൾ, മനുഷ്യാവകാശ പ്രവർത്തകർ, വിവിധ മത നേതാക്കൾ തുടങ്ങിയവർ സംബന്ധിക്കും. 7 മണിക്ക് നടക്കുന്ന സനദ് ദാന സമ്മേളനത്തിൽ അൻവാർ സ്ഥാപനങ്ങളിൽ നിന്ന് സമീപ വർഷങ്ങളിൽ പഠനം പൂർത്തിയാക്കിയ യുവ പണ്ഡിതർക്കും ഖുർആൻ മന:പാഠമാക്കിയ ഹാഫിളുകൾക്കുമുള്ള സനദ് ദാനം പണ്ഡിത ശ്രേഷ്ടർ നിർവ്വഹിക്കും.
9.30ന് സമാപന ദുആ മജ്‌ലിസിന് അശ്ശൈഖ് അറക്കൽ ബീരാൻകുട്ടി മുസ്ലിയാർ നേതൃത്വം നൽകും. പത്ര സമ്മേളനത്തിൽ നൗഷാദ് തിക്കോടി, ബഷീർ കക്കോടി, സിദ്ദീഖ് കുണ്ടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.