ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. മധ്യപ്രദേശ്, രാജസ്ഥാൻ, മിസോറം, തെലങ്കാന, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ്. മിസോറമിൽ നവംബർ ഏഴിന് വോട്ടെടുപ്പ് നടക്കും. ഛത്തീസ്ഗഡിൽ രണ്ടു ഘട്ടങ്ങളായാണ് വോട്ടെടുപ്പ്. ഒന്നാം ഘട്ടം നവംബർ ഏഴിനും രണ്ടാം ഘട്ടം നവംബർ 17നും. മധ്യപ്രദേശിൽ നവംബർ 17നും രാജസ്ഥാനിൽ നവംബർ 23നും തെലങ്കാനയിൽ നവംബർ 30നുമാകും വോട്ടെടുപ്പ്. അഞ്ച് സംസ്ഥാനങ്ങളിലും ഡിസംബർ മൂന്നിന് വോട്ടെണ്ണൽ നടത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
മിസോറമിൽ നിയമസഭയുടെ കാലാവധി ഡിസംബർ 17ന് അവസാനിക്കും. മിസോ നാഷണൽ ഫ്രണ്ടാണ് അവിടെ അധികാരത്തിലിരിക്കുന്നത്. മധ്യപ്രദേശ്, ഛത്തിസ്ഗഡ്, രാജസ്ഥാൻ, തെലങ്കാന എന്നിവിടങ്ങളിൽ അടുത്ത വർഷം ജനുവരിയിലാണ് നിയമസഭകളുടെ കാലാവധി അവസാനിക്കുന്നത്. മധ്യപ്രദേശ് ബിജെപിയാണു ഭരിക്കുന്നത്. ഛത്തിസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ കോൺഗ്രസ് സർക്കാരും തെലങ്കാനയിൽ ബിആർഎസുമാണ് അധികാരത്തിലുള്ളത്.