തൃശ്ശൂർ: നടനും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപിയ്ക്ക് തൃശ്ശൂരിൽ മത്സരിക്കാൻ അരങ്ങൊരുക്കുകയാണ് ഇ.ഡി. ചെയ്യുന്നതെന്ന് സി.പി.എം. നേതാവ് എ.സി. മൊയ്തീൻ എം.എൽ.എ. ഇതേ ലക്ഷ്യത്തോടെയാണ് സുരേഷ് ഗോപി കരുവന്നൂരിൽ പദയാത്ര നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സന്ദർഭം കിട്ടിയപ്പോൾ തൃശ്ശൂർ ജില്ല അവർ തിരഞ്ഞെടുത്തതിന് കാരണമുണ്ട്. ഞാൻ ഇതങ്ങ് എടുക്കുവാ എന്ന് പറഞ്ഞവന്, ഞാൻ തൃശ്ശൂരിൽ മത്സരിക്കുമെന്ന് അമിത് ഷായുടെ മുന്നിൽനിന്ന് പറഞ്ഞ് സ്വയം സ്ഥാനാർഥിയായ ആൾക്ക് അരങ്ങൊരുക്കുകയാണ് തൃശ്ശൂരിൽ. അതിനുവേണ്ടി ഇ.ഡി. തിരഞ്ഞെടുപ്പ് ഡ്യൂട്ടി നടത്തുകയാണ്. അതിന്റെ ഭാഗമായാണ് ഇദ്ദേഹത്തിന്റെ പദയാത്ര. ഞങ്ങൾക്ക് അതിലൊന്നും ആക്ഷേപമില്ല, എ.സി മൊയ്തീൻ പറഞ്ഞു.
ക്രൈംബ്രാഞ്ച് കൃത്യമായ അന്വേഷണം നടത്തി, കേസെടുത്ത് കമ്മിറ്റിയെ പ്രയോജനപ്പെടുത്തി പത്തെഴുപത്തിരണ്ട് കോടി രൂപ തിരിച്ചുപിടിച്ച്, 17 കോടി രൂപ സർക്കാർ ബാങ്കിലും കൊടുത്ത് നിക്ഷേപകർക്ക് പണം കൊടുത്തുകൊണ്ടിരിക്കുകയാണ്. ആധാരങ്ങളൊക്കെ ഇ.ഡി എടുത്തുകൊണ്ടുപോയി. ഇ.ഡിക്ക് പരിശോധിക്കണമെങ്കിൽ അതിന്റെ കോപ്പി പോരേ? കമ്പ്യൂട്ടറിൽനിന്നുള്ള ലിസ്റ്റ് പോരേ? എന്താ നിങ്ങളുടെ ഉദ്ദേശ്യം? സഹകരണ ബാങ്കുകളൊക്കെ കള്ളപ്പണം വെളുപ്പിക്കുകയാണെന്നാണ് പറയുന്നത്. അരവിന്ദാക്ഷന്റെ 91 വയസ്സായ അമ്മയ്ക്ക് 63 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്ന് കള്ള റിപ്പോർട്ട് കോടതിയിൽ കൊടുത്തു. ഇതാണ് അവസ്ഥ, മൊയ്തീൻ ആരോപിച്ചു.