ഭോപ്പാൽ: മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ് എം.എൽ.എ. സച്ചിൻ ബിർള ബി.ജെ.പി.യിൽ ചേർന്നു. ഈ വർഷം അവസാനത്തോടെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസിന് തിരിച്ചടിയായി സച്ചിൻ ബിർള മറുകണ്ടം ചാടിയത്.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്റെയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ വി.ഡി. ശർമയുടേയും സാന്നിധ്യത്തിൽ ബി.ജെ.പി ഓഫീസിൽ നടന്ന ചടങ്ങിലാണ് സച്ചിൻ ബിർള ബി.ജെ.പി. അംഗത്വമെടുത്തത്. 2021 ഒക്ടോബറിൽ സച്ചിൻ ബിർള ബി.ജെ.പി.ക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും കോൺഗ്രസ് സച്ചിനെ പുറത്താക്കിയിരുന്നില്ല.
ഖാർഗോൺ ജില്ലയിലെ ബർവാഹ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ സച്ചിൻ ബിർള ആദ്യമായാണ് എം.എൽ.എ.യാകുന്നത്. 2018-ൽ ഗുർജാർ ഉൾപ്പടെയുള്ള പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണയോടെയാണ് സച്ചിൻ ബിർള തിരഞ്ഞെടുപ്പിൽ വിജയിച്ചത്.