കോഴിക്കോട്: ലോക മൃഗസംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ജസ്റ്റിസ് ഫോർ ആൾ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അരിക്കൊമ്പന് ഐക്യദാർഢ്യവും ഒപ്പുശേഖരണവും നടത്തി. അരിക്കൊമ്പന്റെ ജീവന് സംരക്ഷണം നൽകുക, തമിഴ്‌നാട്ടിലുളള അരിക്കൊമ്പന്റെ ആരോഗ്യ സ്ഥിതിയും റോഡിയോ കോളറിലെ സന്ദേശവും ഉൾപ്പെടുത്തി ഓരോ ആഴ്ചയിലും അരിക്കൊമ്പന്റെ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഒപ്പ് ശേഖരണം നടന്നു. ഗാനരചയിതാവ് ഗിരീഷ് പെരുവയലിന്റെ അരിക്കൊമ്പൻ കവിതയുടെ ദൃശ്യാവിഷ്‌ക്കാരം ഷാജി സുന്ദറിന്റെ സംവിധാനത്തിൽ സിനിമാതാരം ജി.ആർ.വാര്യർ അവതരിപ്പിച്ചു.
ഷാജി സുന്ദർ സ്വാഗതം പറഞ്ഞു. ദേശീയ പ്രസിഡണ്ട് പ്രദീപ് ഒളവണ്ണ അധ്യക്ഷത വഹിച്ചു. സിനിമ തിരക്കഥാകൃത്ത് ശത്രുഘ്‌നൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഗിരീഷ് പെരുവയൽ മുഖ്യപ്രഭാഷണം നടത്തി. ഈ വർഷത്തെ ഓസ്‌കാർ അവാർഡ് വിന്നിംഗ് ഡോക്യുമെന്ററി ഷോർട്ട് ഫിലിം ‘ദി എലഫന്റ് വിസ്പറേഴ്‌സ്’ പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർ വൈസർ അശ്വതി നടുത്തൊടി, വേണു പറമ്പത്ത്, ബാലമുരളി, ജിബി ഒടുമ്പ്ര എന്നിവർ സംസാരിച്ചു.