കാബൂൾ: പടിഞ്ഞാറൻ അഫ്ഗാനിസ്താനിലുണ്ടായ ഭൂചലനപരമ്പരയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം കുതിച്ചുയരുന്നു. ഇതിനകം 2,053 പേർ മരിച്ചതായും 9,240 പേർക്ക് പരിക്കേറ്റതായും താലിബാൻ ഭരണകൂടം അറിയിച്ചു. മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.
ശനിയാഴ്ച, പ്രാദേശികസമയം ആറരയോടെയാണ് പ്രവിശ്യാതലസ്ഥാനമായ ഹേറത്തിന്റെ വടക്കുപടിഞ്ഞാറ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ആദ്യത്തെ ഭൂചലനത്തിനു ശേഷം എട്ട് തുടർചലനങ്ങളുമുണ്ടായി. 1,329 വീടുകൾക്ക് കേടുപാടുകളുണ്ടാവുകയോ തകരുകയോ ചെയ്തു.
കഴിഞ്ഞവർഷം ജൂണിൽ പക്ടിക പ്രവിശ്യയിൽ അനുഭവപ്പെട്ട 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആയിരത്തിൽ അധികംപേർ മരിക്കുകയും നിരവധി വീടുകൾ തകരുകയും ചെയ്തിരുന്നു.