പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട നിയമനത്തതട്ടിപ്പു കേസിലെ മുഖ്യപ്രതിയെന്ന് കരുതുന്ന അഖിൽ സജീവ് അറസ്റ്റിൽ. തമിഴ്‌നാട്ടിലെ തേനിയിൽ നിന്ന് ഇന്നലെ പുലർച്ചെ നാലരയോടെ അഖിലിനെ കസ്റ്റഡിയിലെടുത്ത് പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
2022ൽ സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫിസ് സെക്രട്ടറിയായിരിക്കെ സംഘടനയിൽനിന്നു 3.60 ലക്ഷം രൂപ തട്ടിയെടുത്ത കേസിലും ജോലി വാഗ്ദാനം ചെയ്ത് മറ്റൊരാളുടെ കയ്യിൽനിന്നു 4 ലക്ഷം രൂപ തട്ടിയ കേസിലുമാണ് അറസ്റ്റ്. തേനി ബസ് സ്റ്റാൻഡിനു സമീപത്തെ റോഡിൽനിന്നു പത്തനംതിട്ട ഡിവൈഎസ്പി ആർ.നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഖിലിനെ പിടികൂടിയത്.
വ്യാജ മേൽവിലാസത്തിൽ ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യയുകയായിരുന്നെന്നും പിടിയിലാകുമെന്നു തോന്നിയപ്പോഴാണു തേനിയിലേക്കു കടന്നതെന്നും ഇയാൾ മൊഴി നൽകി.ചെന്നൈ പൊലീസ് സൈബർ വിഭാഗത്തിന്റെ സഹായത്തോടെയാണ് അഖിലിനെ കണ്ടെത്തിയത്. മന്ത്രി വീണാ ജോർജിന്റെ ഓഫിസുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പ് കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം കന്റോൺമെന്റ് പൊലീസും പത്തനംതിട്ട സ്റ്റേഷനിലെത്തി അഖിലിനെ ചോദ്യം ചെയ്തു. അറസ്റ്റിലായ 2 കേസുകളടക്കം 6 കേസുകളാണു പത്തനംതിട്ട സ്റ്റേഷനിൽ അഖിലിനെതിരെ നിലവിലുള്ളത്.
നിയമനത്തട്ടിപ്പു കേസിലെ പരാതിക്കാരനായ ഹരിദാസനെ കണ്ടിട്ടില്ലെന്നും ബാസിത്, ലെനിൻ, റഹീസ് എന്നിവരാണ് പണം തട്ടിയതെന്നാണ് അഖിൽ മൊഴി നൽകിയത്. ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിലും ഇയാൾ മൊഴിയിൽ ഉറച്ചു നിൽക്കുകയാണെന്നു പൊലീസ് പറഞ്ഞു.