ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ഒരു സ്വർണം കൂടി. കബഡിയിലാണ് ഇന്ത്യൻ പുരുഷ ടീം സ്വർണം നേടിയത്. ഫൈനലിൽ ഇറാൻ ശക്തമായി വെല്ലുവിളി ഇന്ത്യക്ക് സൃഷ്ടിച്ചെങ്കിലും റഫറിയിങ്ങിൽ ഉണ്ടാക്കിയ നാടകീയതൊക്കൊടുവിൽ 33- 29 എന്ന സ്‌കോറിനാണ് ഇന്ത്യ ജയിച്ചത്. നേരത്തെ വനിതാ കബഡി ടീമും സ്വർണം നേടിയിരുന്നു.
കളിയുടെ തുടക്കത്തിൽ ഇറാൻ ഇന്ത്യക്ക് മേൽ ലീഡെടുത്തു. ഒരു ഘട്ടത്തിൽ ഇറാൻ 10-6ന് മുന്നിൽ എത്തുകയും ചെയ്തു. എന്നാൽ ശക്തമായി തിരിച്ചുവന്ന ഇന്ത്യ ആദ്യ പകുതി അവസാനിക്കുമ്പോൾ 17-13 എന്ന ലീഡ് എടുത്തു. കളി അവസാനിക്കാൻ പത്ത് മിനിറ്റ് മാത്രം ബാക്കിനിൽക്കെ ഇന്ത്യ 24-19 എന്ന സ്‌കോറിൽ മുന്നിലായിരുന്നു. പക്ഷേ ഇറാൻ തിരിച്ചുവന്നു സ്‌കോർ 24- 24 എന്ന നിലയിൽ സമനിലയിലാക്കി. കളി അവസാനിക്കാൻ രണ്ടുമിനിറ്റ് ശേഷിക്കെ സ്‌കോർ 28- 28 എന്ന നിലയിൽ നിൽക്കെയാണ് നാടകീയ സംഭവങ്ങൾക്ക് അരങ്ങേറിയത്. ഇന്ത്യൻ താരത്തെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇറാന്റെ നാലു താരങ്ങൾ ലോബിയിൽ പ്രവേശിച്ചതാണ് വിവാദമായത്. ഇന്ത്യ നാലു പോയിന്റിന് റിവ്യൂ ചെയ്തു എങ്കിലും പുതിയ നിയമം അനുസരിച്ച് വിധി എഴുതിയ റഫറി 2 ടീമിനും ഒരോ പോയിന്റ് മാത്രം നൽകി. വീണ്ടും ഇന്ത്യ പ്രതിഷേധിച്ചതോടെ റഫറി തീരുമാനം മാറ്റി ഇന്ത്യക്ക് 4ഉം ഇറാന് ഒരു പോയിന്റും നൽകി. എഷ്യൻ ഗെയിംസിന് പഴയ റൂൾ ആണ് ഫോളോ ചെയ്യുന്നത് എന്നായിരുന്നു ഇന്ത്യയുടെ വാദം.
പക്ഷെ പ്രതിഷേധവുമായി ഇറാൻ രംഗത്തെത്തി. റഫറി വീണ്ടും തീരുമാനം മാറ്റി. വീണ്ടും 1-1 പോയിന്റ് എന്ന വിധി വന്നു. കളി 29-29 എന്ന നിലയിൽ കളി പുനരാരംഭിക്കാൻ ഇരിക്കെ ഇന്ത്യയുടെ പ്രതിഷേധം വന്നു. അവസാനം വീണ്ടും ഇന്ത്യക്ക് 3-1 നൽകി. ഇറാൻ ഇതോടെ ഇനി കളിക്കില്ല എന്ന് നിലപാടെടുത്തു അവസാനം ഏറെ ചർച്ചകൾക്ക് ശേഷം 31-29 എന്ന ലീഡിൽ ഇന്ത്യ കളി പുനരാരംഭിച്ചു. 33-29 എന്ന സ്‌കോറിൽ കളി ജയിച്ച ഇന്ത്യ സ്വർണം നേടി.