ഉണർന്നിരിക്കാൻ സജ്ജമായി മാനവീയം വീഥി

ഉണർന്നിരിക്കാൻ സജ്ജമായി മാനവീയം വീഥി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആദ്യ നൈറ്റ് ലൈഫ് സെന്ററാകുന്ന മാനവീയംവീഥി രാത്രിമുതൽ പുലർച്ചെവരെ ഉണർന്നിരിക്കും. ഭക്ഷണവും കലാപരിപാടികളും ഒക്കെയായി രാത്രിജീവിതം ഇവിടെ ആസ്വദിക്കാം. രാത്രി എട്ടുമുതൽ പുലർച്ചെ അഞ്ചുവരെയാണ് മാനവീയംവീഥി ജനങ്ങളെ വരവേൽക്കുക. കുടുംബശ്രീ അംഗങ്ങളുടെ തട്ടുകടകളും വ്യത്യസ്ത കലാപരിപാടികളും ഇവിടെ ഒരുക്കും. മാനവീയംവീഥി നവീകരണത്തിന്റെ ഭാഗമായി പാതയോരത്ത് തയ്യാറാക്കിയ കടകളുടെ നടത്തിപ്പാണ് കുടുംബശ്രീയെ ഏൽപ്പിക്കുന്നത്. കൂടാതെ മൂന്ന് മൊബൈൽ വെൻഡിങ് ഭക്ഷണശാലയും സജ്ജീകരിക്കും.

മുൻകൂട്ടി ബുക്ക് ചെയ്യുന്നത് അനുസരിച്ചാണ് കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകുക. കോർപ്പറേഷനും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി കലാപരിപാടികൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് പോർട്ടൽ ക്രമീകരിക്കും. ഇതിലൂടെ കലാകാരൻമാർക്കും സംഘങ്ങൾക്കും പരിപാടിയുടെ വിവരങ്ങൾ നൽകാം. ലഭിക്കുന്ന അപേക്ഷകളിൽ പരിശോധന നടത്തിയശേഷമാണ് പരിപാടികൾ അവതരിപ്പിക്കുന്നതിന് അനുമതി നൽകുക. വാണിജ്യപരവും അല്ലാത്തതും എന്നിങ്ങനെ രണ്ടുതരത്തിൽ തിരിച്ചാണ് കലാപരിപാടികൾക്ക് അനുവാദം നൽകുന്നത്. വാണിജ്യപരമായ പരിപാടികൾക്ക് കോർപ്പറേഷൻ നിശ്ചിത തുക ഈടാക്കും.

അടുത്തമാസം ആരംഭിക്കുന്ന കേരളീയം പരിപാടിക്ക് മുന്നോടിയായി നൈറ്റ് ലൈഫ് പൂർണമായി ആരംഭിക്കും. മാനവീയത്തിലെ നൈറ്റ് ലൈഫിന്റെ ഭാഗമായുള്ള വൈദ്യുതി, വെള്ളം, മാലിന്യ സംസ്‌കരണം എന്നിവയുടെ ചുമതല കോർപ്പറേഷനാണ്.

എന്നാൽ ശൗചാലയവും, ഇരിപ്പിടങ്ങളും, മാലിന്യം തള്ളാനുള്ള ബിന്നുകളും ഒരുങ്ങിയിട്ടില്ല.ഇതിന് കോർപ്പറേഷൻ പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കാം.

 

Share

Leave a Reply

Your email address will not be published. Required fields are marked *