തൃശ്ശൂർ: ട്രിപ്പ് പോയി അടിച്ചുപൊളിക്കാനുള്ള പണത്തിനായി മയക്കുമരുന്ന് കച്ചവടം നടത്തിയ യുവാവ് പിടിയിൽ. തൃശ്ശൂർ വല്ലച്ചിറ കാരമുക്ക് സ്വദേശി അഭിരാഗി(20)നെയാണ് ചേർപ്പ് എക്സൈസ് പിടികൂടിയത്. ഇയാളിൽനിന്ന് നാലരഗ്രാം എം.ഡി.എം.എ.യും പിടിച്ചെടുത്തു.ഗോവ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് ട്രിപ്പ് പോയി തിരികെവരുമ്പോൾ അവിടെനിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് നാട്ടിൽ ചില്ലറ വിൽപ്പന നടത്താറാണ് പതിവെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.
എം.ഡി.എം.എ.യുടെ തൂക്കം കൂട്ടാനായി ചില്ലുപൊടി ചേർത്ത് ഉപയോക്താക്കളെ കബളിപ്പിക്കാറുണ്ടെന്നും ഇയാൾ എക്സൈസിനോട് വെളിപ്പെടുത്തി. വല്ലച്ചിറയിലെ വിഷ്ണു എന്നയാളുടെ വീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടക്കുന്നതായി എക്സൈസിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇവിടെ നടത്തിയ തിരച്ചിലിലാണ് എം.ഡി.എം.എ.യുമായി അഭിരാഗ് പിടിയിലായത്. കേസിൽ ഇയാളുടെ കൂട്ടുപ്രതിയായ വിഷ്ണുവിനായി തിരച്ചിൽ തുടരുകയാണ്.